ന്യൂദല്‍ഹി: ലോകത്തിലെ എല്ലാ നേതാക്കളുമായും മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തിയും ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിലെ പ്രധാന കളിക്കാരനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. കഴിഞ്ഞ ദിവസം രാഷ്ട്രപതി വിരുന്നിനിടെ നടത്തിയ പ്രസംഗത്തിലാണ് ഫോണ്ട് മോദിയെ ഇത്തരത്തില്‍ പ്രശംസിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.
പുടിന്, ട്രംപ്, സെലന്‍സ്കി, യൂറോപ്യന്‍ യൂണിയന്, ബ്രിക്സ്, ഇറാന്, ലാറ്റിന്‍ അമേരിക്കന്‍ നേതാക്കള്‍ തുടങ്ങി ലോകരാഷ്ട്രങ്ങളിലെ എല്ലാ നേതാക്കളുമായും മോദിക്ക് ബന്ധമുണ്ട്. ഈ നേതാക്കളുമായെല്ലാം സംസാരിക്കാന്‍ മോദിക്ക് സാധിക്കും. എല്ലാവര്ക്കും കഴിയുന്ന ഒന്നല്ല അതെന്നും ഫോണ്ട് പറഞ്ഞു. ഭാരതവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ചിലിക്ക് താത്പര്യമുണ്ട്. നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലെ ചര്‍ച്ചകളില്‍ ഭാരതവുമായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
”ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. ഇവിടെ അധികാര വിഭജനമുണ്ട്, ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ പോരാടുകയാണ്. ലോകത്തില്‍ സമാധാനം കൊണ്ടുവരാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും ഫോണ്ട് കൂട്ടിച്ചേര്‍ത്തു.
ചിലി പ്രസിഡന്റ് ആദ്യമായാണ് ഭാരതം സന്ദര്‍ശിക്കുന്നത്. മോദിയുടെ ക്ഷണപ്രകാരം അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഫോണ്ട് വരും ദിവസങ്ങളില്‍ ആഗ്ര, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞവര്‍ഷം റിയോ ഡി ജനീറോയില്‍ വച്ച് നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് മോദിയും ഫോണ്ടും ആദ്യമായി കണ്ടുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: