കൊച്ചി: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായതോടെ മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. മുനമ്പം സമരപന്തലിൽ പടക്കംപൊട്ടിച്ചാണ് സമരക്കാർ ആഹ്ളാദപ്രകടനം നടത്തിയത്. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ഒപ്പം ബിജെപിക്കും മുനമ്പം നിവാസികൾ അനുകൂല മുദ്രാവാക്യം മുഴക്കി. വഖഫ് ഭേദഗതി ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചകൾ മുനമ്പത്തെ സമരപന്തലിൽ സ്ഥാപിച്ച ടെലിവിഷനിൽ സമരക്കാർ ലൈവായി കണ്ടിരുന്നു.
ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സമരത്തിന്റെ ഭാഗമായവരില്‍ ഒരാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നു. തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്സഭയിലെ നടപടികള്‍. വഖഫ് ബോര്‍ഡ് ഇനിയും പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി ബില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്ന എംപിമാര്‍ക്കായി ഒരു സാധനം കരുതിവെച്ചിട്ടുണ്ട്. രാഷ്ട്രീയമായി പ്രതികരിച്ചിരിക്കും.
ഹൈബി ഈഡന് അടക്കമുള്ള എംപിമാര്‍ തങ്ങള്‍ക്ക് എതിരായിരുന്നു. തങ്ങളെ അറിയാത്ത കിരൺ റിജ്ജു പോലും തങ്ങൾക്ക് വേണ്ടി സംസാരിച്ചുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, തങ്ങളെ അറിയേണ്ട എംപി ഹൈബി ഈഡൻ എന്താണ് സംസാരിച്ചത് എന്നും സമരക്കാർ ചോദിക്കുന്നു. പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പ്രസ്താവിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. മുനമ്പം വിജയിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യ വിജയിച്ചു എന്നാണെന്നും മുനമ്പംകാര് പറയുന്നു.
മുസ്ലിംകളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു പറഞ്ഞു. ‘ഈ ബിൽ വന്നില്ലായിരുന്നെങ്കിൽ, പാർലമെന്റ് സമുച്ചയത്തിനു മേൽ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു’– മന്ത്രി പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ പ്രതിനിധികളും മുനമ്പത്തെ കുടുംബങ്ങളും എന്നെ വന്നു കണ്ടു. അവരുടെ പ്രശ്നങ്ങൾ നിങ്ങൾ (പ്രതിപക്ഷം) പരിഹരിച്ചെങ്കിൽ പിന്നെന്തിന് അവർ ഇവിടേക്കു വന്നു? നിങ്ങളവരുടെ ദുഃഖം മനസ്സിലാക്കിയില്ല. ഈ ബിൽ പാസാക്കുന്നതോടെ അവരുടെ ദുഃഖത്തിന് പരിഹാരമാകും. ബില്ലിനെ പിന്തുണച്ച കെസിബിസിയും സിബിസിഐയും മറ്റും അറിവില്ലാത്തവരാണോ? ഞങ്ങൾക്ക് ന്യൂനപക്ഷത്തിന്റെ പിന്തുണയുണ്ട്. – വഖഫ് ഭേദഗതി ബിൽ ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഒരംഗം ഒഴികെ എല്ലാവരും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു എന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപി മാത്രമാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളുകയും ചെയ്തിരുന്നു. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. എട്ടു മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരുന്നത്.
എന്നാൽ ഉച്ചയ്ക്ക് 12.06ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു. ഇന്നു രാജ്യസഭയിലും അവതരിപ്പിക്കുന്ന ബിൽ അവിടെയും പാസായാൽ വഖഫ് ഭേദഗതി ബിൽ നിയമമാകും.14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ ഇന്നു പുലർച്ചെ 1.56നാണ് വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായത്. 232നെതിരെ 288 വോട്ടുകൾക്കാണ് വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. 520 പേരാണ് സഭയിൽ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 261 പേരുടെ പിന്തുണ ലഭിച്ചാൽ ബിൽ പാസാകുന്ന സാഹചര്യത്തിലാണ് 288 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: