ന്യൂദല്‍ഹി: അനബോളിക് സ്റ്റിറോയ്ഡുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നത് തടയുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നായിരുന്നു വീണ ജോര്‍ജിന്‌റെ അഭ്യര്‍ത്ഥന.
ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നതായി വീണ ജോര്‍ജ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നും തന്നെ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ശേഖരിച്ചവയുമല്ല. ഓണ്‍ലൈനായാണ് വാങ്ങിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നു. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാനും അധികാരമുള്ളൂ. ഇവയുടെ ദുരുപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: