ബെംഗളൂരു: ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച മുതൽ ഡീസലിന് ലിറ്ററിന് 2 രൂപ വര്‍ധിപ്പിക്കുക വഴി കര്‍ണ്ണാടകയിലെ ഈസ്റ്റ് ഇന്ത്യ കോണ്‍ഗ്രസ് കമ്പനി ജനങ്ങളുടെ മേല്‍ മറ്റൊരു നികുതി ഭാരം കൂടി അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് ജെഡി (എസ്) നേതാവ് കുമാരസ്വാമി. പണ്ട് ഇന്ത്യയെ കൊള്ളയടിച്ച് ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ ആയിരിക്കുകയാണ് കര്‍ണ്ണാടകത്തിലെ ഈസ്റ്റ് ഇന്ത്യാ കോണ്‍ഗ്രസ് കമ്പനിയെന്നും കുമാരസ്വാമി വിമര്‍ശിച്ചു.
“ജനവിരുദ്ധ സിദ്ധരാമയ്യ സര്‍ക്കാര്‍ ഡീസല്‍ വില വര്‍ധന മൂലം കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് മറ്റൊരു ആഘാതം കൂടി നല്‍കിയിരിക്കുകയാണ്.കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കുള്ളില്‍ ഡീസല്‍വില അഞ്ച് രൂപയെങ്കിലും സിദ്ധരാമയ്യ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു”- ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു.
പുതുവര്‍ഷത്തിന്റെ തുടക്കമായ ഉഗാദി നാളില്‍ തന്നെ മറ്റൊരു വിലവര്‍ധനകൂടി കോണ്‍ഗ്രസിന്റെ വിലവര്‍ധന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
ഒരിയ്‌ക്കല്‍ കൂടി സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അവരുടെ ആര്‍ത്തി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇത് സാധാരണക്കാരെ വീണ്ടും അവശരാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ ചുറ്റികയുടെ അടിയേറ്റ് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രായമായവര്‍ക്കും പാവങ്ങള്‍ക്കും ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. – ബി.വൈ. വിജയേന്ദ്ര വിമര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: