ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 2,539 കോടി രൂപയുടെ(12.04 ശതമാനം) വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 21,083 കോടി രൂപയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2029 ആകുമ്പോഴേക്കും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ കയറ്റുമതിയില്‍ 42.85%ത്തിന്റെ വര്‍ദ്ധനവ് കൈവരിച്ചു, ഇത് ആഗോള വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു. 2024-25 ലെ പ്രതിരോധ കയറ്റുമതിയില്‍ സ്വകാര്യ മേഖലയും പൊതുമേഖലാ സ്ഥാപനങ്ങളും യഥാക്രമം 15,233 കോടി രൂപയും 8,389 കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്. അതേസമയം 2023-24 സാമ്പത്തിക വര്‍ഷം യഥാക്രമം 15,209 കോടി രൂപയും 5,874 കോടി രൂപയുമായിരുന്നു.
ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, യുദ്ധോപകരണങ്ങളുടെ ഭാഗങ്ങള്‍,ഘടകങ്ങള്‍ മറ്റു സംവിധാനങ്ങള്‍ എന്നിവ കഴിഞ്ഞ വര്‍ഷം ഏകദേശം 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. മൊത്തം പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണവും 17.4% വര്‍ദ്ധിച്ചു.
ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ നിരവധി നയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വ്യാവസായിക ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലളിതമാക്കുക, ലൈസന്‍സ് വ്യവസ്ഥയില്‍ നിന്ന് ഉപകരണ ഭാഗങ്ങളും ഘടകങ്ങളും നീക്കം ചെയ്യുക, ലൈസന്‍സിന്റെ സാധുത കാലയളവ് നീട്ടുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: