ന്യൂദൽഹി : വഖഫ് ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. മുൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ വിമർശിച്ച മന്ത്രി കോൺഗ്രസ് പാർലമെന്റ് കെട്ടിടം വഖഫ് ബോർഡിന് നൽകുമായിരുന്നുവെന്ന് വിമർശിച്ചു.
“ഇന്ന് ഈ ഭേദഗതി കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ, നമ്മൾ ഇരിക്കുന്ന കെട്ടിടം പോലും വഖഫ് സ്വത്തായി അവകാശപ്പെടുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ മറ്റ് നിരവധി സ്വത്തുക്കളും ഡി-നോട്ടിഫൈ ചെയ്യപ്പെടുമായിരുന്നു,”-റിജിജു പറഞ്ഞു.
ഇതിനു പുറമെ വഖഫ് നിയമങ്ങളിൽ കോൺഗ്രസ് സർക്കാർ സംശയാസ്പദമായ മാറ്റങ്ങൾ കൊണ്ടുവന്നതായും അദ്ദേഹം ആരോപിച്ചു. അതിൽ 123 പ്രധാന വഖഫ് സ്വത്തുക്കളുടെ ഡിനോട്ടിഫിക്കേഷൻ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1970 മുതൽ ദൽഹിയിൽ നടക്കുന്ന ഒരു കേസിൽ പാർലമെന്റ് കെട്ടിടം ഉൾപ്പെടെ നിരവധി സ്വത്തുക്കൾ ഉൾപ്പെടുന്നുണ്ട്. ദൽഹി വഖഫ് ബോർഡ് ഇവയ്‌ക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. കേസ് കോടതിയിലായിരുന്നു, എന്നാൽ പിന്നീട് യുപിഎ സർക്കാർ 123 സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്ത് വഖഫ് ബോർഡിന് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ലെ വഖഫ് ഭേദഗതി ബിൽ വിശദീകരിച്ചുകൊണ്ട് ബിൽ ഏതെങ്കിലും മതപരമായ ആചാരത്തിലോ സ്ഥാപനത്തിലോ ഇടപെടുന്നില്ലെന്ന് റിജിജു പറഞ്ഞു.
“വഖഫ് ബോർഡിന്റെ വ്യവസ്ഥകൾക്ക് ഏതെങ്കിലും പള്ളിയുടെയോ ക്ഷേത്രത്തിന്റെയോ മതപരമായ സ്ഥലത്തിന്റെയോ നടത്തിപ്പുമായി യാതൊരു ബന്ധവുമില്ല. ഇത് കേവലം സ്വത്ത് മാനേജ്‌മെന്റിന്റെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: