നമ്മുടെ സംസ്ഥാനത്തിന്റെ ജനസംഖ്യ ദേശീയ ജനസംഖ്യയുടെ 2.6 ശതമാനമുണ്ട്. പക്ഷേ ധനകാര്യ കമ്മീഷന്‍ കേന്ദ്ര വിഹിതമായി കേരളത്തിന് 2 ശതമാനത്തിനടുത്ത് മാത്രമേ നല്‍കുന്നുള്ളു. ഈ അവഗണനയാണ് സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധിയ്‌ക്ക് കാരണം എന്നാണ് ഭരണകക്ഷി നേതാക്കളും മന്ത്രിമാരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?
ധനകാര്യ കമ്മീഷനുകള്‍ പദ്ധതി വിഹിതം നിര്‍ണയിക്കുന്നത് സംസ്ഥാനവുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം അവര്‍ നല്‍കുന്ന നിവേദനങ്ങളും സ്ഥിതിവിവരക്കണക്കുകളും പരിഗണിച്ചു നിര്‍ണയിക്കുന്ന വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ജനസംഖ്യ, നികുതി പിരിവ്, പിന്നോക്കാവസ്ഥ, പ്രത്യേക ആവശ്യങ്ങള്‍, സംസ്ഥാനം വിവിധ മേഖലകളില്‍ നേടിയിരിക്കുന്ന പുരോഗതി ഇതെല്ലാം തന്നെ ഘടകങ്ങള്‍ ആവുന്നു.
ഇനി കേന്ദ്രത്തിന്റെ നികുതി പിരിവിലേക്കുള്ള കേരളത്തിന്റെ സംഭാവന ഒന്ന് പരിശോധിക്കാം. പ്രത്യക്ഷ നികുതികളുടെ കാര്യത്തില്‍ 2023-24 വര്‍ഷത്തെ കേരളത്തിന്റെ സംഭാവന 1.22 ശതമാനം മാത്രമാണ്.
പരോക്ഷ നികുതിയായ ജിഎസ്ടിയുടെ കാര്യത്തില്‍ ഇത് 1.9 ശതമാനമാണ്. ആകെ നികുതി എടുത്താല്‍ കേരളത്തിന്റെ സംഭാവന 1.55 ശതമാനം മാത്രമാണെന്ന് കാണാം.
അതായത് കേന്ദ്ര നികുതിയിലേക്ക് കേരളത്തിന്റെ സംഭാവന 1.55ശതമാനം മാത്രമായിട്ടും കേന്ദ്രവിഹിതം 1.95 ശതമാനം ലഭിക്കുന്നു എന്നതാണ് വസ്തുത.
കേരളത്തില്‍ അതി ദാരിദ്ര്യം 0.6ശതമാനം മാത്രമാണ്. മറിച്ച് ബീഹാറില്‍ ഇത് 34 ശതമാനവും ജാര്‍ഖണ്ഡില്‍ 29 ശതമാനവും ആണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്നത് എറണാകുളം ജില്ലയില്‍ നിന്നായിരിക്കാം. വയനാടിനും അട്ടപ്പാടിക്കും കാസര്‍കോഡിനും ഇടുക്കിക്കും ഒക്കെ വേണ്ടത് നല്‍കിയാലല്ലേ എല്ലാ പ്രദേശങ്ങളേയും ഓരേപോലെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം നേടാന്‍ സാധിക്കൂ. പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നത് കേരളത്തിന്റെ ചിലവിലല്ല. കൂടുതല്‍ സംഭാവന നല്‍കുന്ന മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ അധിക സംഭാവനയില്‍ നിന്നാണെന്ന് കാണാം.
ഇവിടെ പരിശോധിക്കേണ്ട പ്രധാന കാര്യം ജീവിത നിലവാരത്തിലും ഉപഭോഗത്തിലും മുന്‍പിലായിട്ടും എന്തുകൊണ്ട് കേന്ദ്രനികുതി പിരിവിലേക്കുള്ള കേരളത്തിന്റെ സംഭാവന ജനസംഖ്യാനുപാതികമായി പോലും ഇല്ല എന്നതാണ്. ഇതിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ് കേരളത്തിന്റെ പ്രതിസന്ധിയുടെ യഥാര്‍ത്ഥ മുഖം വെളിവാകുന്നത്. സമുദ്രതീരമോ തുറമുഖമോ ഇല്ലാത്ത കേരളത്തെക്കാള്‍ ജനസംഖ്യ കുറവായ ഹരിയാനയുടെ ജിഎസ്ടി പിരിവ് കേരളത്തെക്കാള്‍ നാലിരട്ടിയില്‍ അധികമാണ്. മഹാരാഷ്‌ട്ര ഒരു മാസം പിരിക്കുന്ന ജിഎസ്ടി കേരളം ഒരു വര്‍ഷം പിരിക്കുന്നതിന് അടുത്തുവരും.
രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കേരളത്തിന്റെ നികുതി പിരിവിലേക്കുള്ള സംഭാവന ശുഷ്‌കമാകുന്നത്. 1. കേരളത്തില്‍ മുഖ്യമായും വ്യക്തികള്‍ നടത്തുന്ന വാങ്ങലുകള്‍ക്കുള്ള ജിഎസ്ടി മാത്രമേ ഉള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവിടത്തെ വ്യവസായങ്ങളും കോര്‍പ്പറേറ്റുകളും എല്ലാം നടത്തുന്ന വാങ്ങലുകളില്‍ നിന്നും ജിഎസ്ടി ലഭിക്കുന്നു. 2. വാങ്ങുന്ന സാധനങ്ങളുടെ നിരക്കാണ് അടുത്ത ഘടകം. കേരളത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് സ്വര്‍ണ്ണം വാങ്ങാനാണ്.
മറ്റെല്ലാ സാധനങ്ങള്‍ക്കും 12 ഉം 18 ഉം 28 ഉം ശതമാനം നിരക്കില്‍ ജിഎസ്ടിയുള്ളപ്പോള്‍ സ്വര്‍ണത്തിന് വെറും 3ശതമാനം മാത്രമാണ്. ഈ മൂന്നു ശതമാനം കൃത്യമായി പിരിച്ചെടുത്തിരുന്നെങ്കില്‍ തന്നെ പ്രതിവര്‍ഷം 3000 കോടി സ്വര്‍ണത്തിന്മേല്‍ ലഭിക്കേണ്ടതാണ്. ഇപ്പോള്‍ കേരളത്തില്‍ പിരിച്ചെടുക്കുന്നത് ഇതിന്റെ നാലിലൊന്നു പോലുമില്ലെന്നതാണ് വസ്തുത.
ഭാരതത്തില്‍ ഉദാരവത്കരണം വരുന്നതിനു മുമ്പ് വിദേശനാണ്യത്തിന് സര്‍ക്കാര്‍ നിശ്ചിത വിനിമയനിരക്കായിരുന്നു. ഉദാരവത്കരണത്തിനു ശേഷം വിപണിയിലെ ചോദന – ലഭ്യതക്കനുസരിച്ചു മൂല്യനിര്‍ണയം വന്നപ്പോള്‍ ഏറ്റവും ഗുണമായത് കൂടുതല്‍ വിദേശപണം കിട്ടുന്ന കേരളത്തിനാണ്.
മോദി അധികാരത്തില്‍ വരുമ്പോള്‍ ഒരു ഡോളറിനു 60 രൂപ ആയിരുന്നു. ഇപ്പോള്‍ 85 രൂപ. ഈ വിധത്തില്‍ കേരളത്തിനുണ്ടായിരിക്കുന്ന അധിക പണ ലഭ്യത വളരെ വലുതാണ്. അതിലുപരിയായി വിദേശ റെമിറ്റന്‍സ് ആയി വരുന്ന പണം മുഴുവന്‍ ആദായനികുതിയില്‍ നിന്ന് പൂര്‍ണമായും വിമുക്തവുമാണ്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയില്‍ കൂടുതലായിട്ടും ഉപഭോക്തൃ സൂചികയില്‍ കേരളം ഒന്നാമതായിട്ടും പ്രത്യക്ഷനികുതിയിലേക്കുള്ള സംഭാവന വെറും 1.22 ശതമാനം ആവാനുള്ള കാരണം വിദേശത്തുനിന്നുള്ള പണം മുഴുവന്‍ ആദായ നികുതിയില്‍ നിന്നും വിമുക്തമാക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
ഇത് രണ്ടു അനുകൂല സാഹചര്യങ്ങള്‍ കേരളത്തിന് നല്‍കുന്നു. 1. ഈ പണം ഉത്പാദനപരമായി നിക്ഷേപിച്ചു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തുക. 2. അങ്ങനെ നികുതി പിരിവു വര്‍ധിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക. ഈ രണ്ടു കാര്യങ്ങളിലും സംസ്ഥാനം ദയനീയമായി പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം.
മൂലധനമാക്കാവുന്ന മിച്ച സമ്പാദ്യം വേണ്ടത്രയുണ്ടായിട്ടും സാങ്കേതികവും അന്തര്‍ദേശീയവുമായ പരിചയമുള്ള ഒരു തൊഴില്‍ സൈന്യത്തെ ഒരുക്കാനുള്ള സാഹചര്യമുണ്ടായിട്ടും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു പകരം കാര്‍ഷിക വ്യാവസായിക രംഗങ്ങളില്‍ തുടര്‍ച്ചയായ അധോഗതി യാണ് പാര്‍ട്ടിയുടെ തെറ്റായ നയങ്ങളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കാരണം സംഭവിച്ചത്.
സംസ്ഥാനം ഇത്രയൊന്നും സമ്പന്നമല്ലാതിരുന്ന എണ്‍പതുകളില്‍ നികുതിയും സംസ്ഥാന ഉത്പാദനവും തമ്മിലുള്ള അനുപാതം 12 ശതമാനം ഉണ്ടായിരുന്നതിപ്പോള്‍ 8 ശതമാനമായി കുറഞ്ഞു എന്നതാണ് വസ്തുത.
സംഗ്രഹം
1. ദേശീയ ജനസംഖ്യയുടെ 2.6 ശതമാനം കേരളീയ ജനസംഖ്യ ഉണ്ടെങ്കിലും നികുതിപിരിവിലേക്കുള്ള കേരളത്തിന്റെ സംഭാവന 1.55ശതമാനമാണ്.
2. സംഭാവന 1.55 ശതമാനം മാത്രമാണെങ്കിലും കേന്ദ്രനികുതി വിഹിതം 1.95ശതമാനം ലഭിക്കുന്നുണ്ട്.
3. അതുകൊണ്ടു തന്നെ കേരളത്തില്‍ നിന്ന് നികുതി പിരിച്ചു മറ്റു സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നു എന്ന ആഖ്യാനം വസ്തുതാപരമായി ശരിയല്ല.
4. ആഭ്യന്തര വരുമാനത്തിന് 33ശതമാനം നികുതി കൊടുത്ത ശേഷം ബാക്കിയുള്ളത് മാത്രമേ നിക്ഷേപത്തിന് ലഭ്യമാവുകയുള്ളുവെങ്കില്‍ വിദേശപണത്തിന്റെ കാര്യത്തില്‍ നികുതി മുക്തമായതു കൊണ്ട് ആ തുക കൂടി സംസ്ഥാനത്തിന് നിക്ഷേപത്തിനായി ലഭ്യമാണ്.
5. അധികമായി ലഭ്യമാകുന്ന സമ്പാദ്യം സ്വകാര്യ മൂലധനമായോ പൊതു സ്വകാര്യ കൂട്ടായ്മയുടെ നിക്ഷേപമായോ മാറ്റി ഉത്പാദന വര്‍ധനയും അതുവഴി തൊഴിലവസരങ്ങളും സാധ്യമാക്കാത്തതാണ് പ്രതിസന്ധിക്കുള്ള കാരണം.
6. ഉത്പാദന ഘടകങ്ങളായ തൊഴിലിന്റെയും ഭൂമിയുടെയും കൃത്രിമവും അസ്വാഭാവികവുമായ വിലവര്‍ധന സമ്പദ് വ്യവസ്ഥയുടെ മത്സരക്ഷമത നഷ്ടപ്പെടുത്തിയത് ഈ അവസ്ഥാവിശേഷത്തിന് കാരണമായിട്ടുണ്ട്.
7. യുപിഎ ഭരണകാലത്തെ അപേക്ഷിച്ചു എന്‍ഡിഎ ഭരണകാലത്തു കേരളത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ 237ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന കേന്ദ്ര ധനകാര്യ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ഇവിടെ സ്മരണീയമാണ്.
8. ധൂര്‍ത്തിനെയും കെടുകാര്യസ്ഥതയെയും പൊള്ളയായ സാമ്പത്തിക നയപരിപാടികള്‍ വരുത്തിയ തിരിച്ചടിയേയും മറച്ചുപിടിക്കാന്‍ വ്യാജ ആഖ്യാനങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
(സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് (കൊച്ചി) മുന്‍ ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: