News

ആശമാരുടെ ഇന്‍സെന്റീവ്; കേന്ദ്രവിഹിതം ഉയര്‍ത്തും; കേരള വിഹിതമോ? ജെ.പി നദ്ദ- വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ചയില്‍ സംഭവിച്ചത് എന്ത്‌?

Published by

ന്യൂദല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ കേന്ദ്രവിഹിതം ഉയര്‍ത്തുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോഴാണ് ജെ.പി നദ്ദ ഇക്കാര്യമറിയിച്ചത്. എന്നാല്‍ കേരള സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല.
ആശാ സമരം സംബന്ധിച്ചും ആരോഗ്യമേഖലയിലെ പൊതു പ്രശ്‌നങ്ങളും കേന്ദ്രആരോഗ്യമന്ത്രി വിശദമായി കേട്ടതായി വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനകള്‍ കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. പ്രധാന അജണ്ടയായി ആശാവര്‍ക്കര്‍മാരുടെ വിഷയം ഉന്നയിച്ചു. കാസര്‍കോടും വയനാടും മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് പിന്തുണയും തേടി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ഡ്രഗ്‌സ് വില്‍പ്പന സംബന്ധിച്ച ആശങ്കയും അദ്ദേഹത്തോട് പങ്കുവെച്ചതായി വീണാ ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ ദിവസം അപ്പോയിന്‍മെന്റ് നല്‍കാതിരുന്നത് തിരക്ക് മൂലമായിരുന്നുവെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞതായി വീണാ ജോര്‍ജ്ജ് അറിയിച്ചു.
കേരളത്തിനും എയിംസ് നല്‍കണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രിക്കുള്ളത്. അടുത്ത എയിംസ് അനുവദിക്കുന്ന ഘട്ടത്തില്‍ കേരളത്തിന്റെ കാര്യവും പരിഗണിക്കും. കേന്ദ്രഫണ്ടില്‍ എന്തെങ്കിലും തുക നല്‍കാനുണ്ടെങ്കില്‍ അതു പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് പറഞ്ഞതായും സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.
അറുപത് ശതമാനം കേന്ദ്രസര്‍ക്കാരും നാല്‍പ്പതു ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് നല്‍കുന്നത്. കേന്ദ്രം വിഹിതം ഉയര്‍ത്തുമ്പോള്‍ സ്വാഭാവികമായും കേരളവും ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തിയപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടരി രാജന്‍ ഖോബ്രഗഡെയും കേന്ദ്രആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by