കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ തികഞ്ഞ മുഖമേത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഒരു പ്രയാസവും ഉണ്ടാകുമെന്നു തോന്നുന്നില്ല… അത് വെങ്കലം പോലെ തിളങ്ങുന്ന, ക്ഷേത്ര മണികള്‍ പോലെ മുഴങ്ങുന്ന ശബ്ദത്തിന്റെ, തമിഴിന്റെ സ്വാധീനമൊട്ടുമില്ലാത്ത മലയാളം ഉച്ചാരണത്തിന്റെയും മറ്റും ആള്‍രൂപമായ ചെമ്പൈ വൈദ്യനാഥ ഭാഗവതരല്ലാതെ മറ്റാരുമല്ല.
1896ല്‍ പാലക്കാട് ചെമ്പൈ ഗ്രാമത്തില്‍ ജനിച്ച വൈദ്യനാഥന്‍, സഹോദരന്‍ സുബ്രഹ്മണ്യനൊപ്പമാണ് അച്ഛന്‍ അനന്ത ഭാഗവതര്‍, മുത്തച്ഛന്‍ വൈത്തി ഭാഗവതര്‍ എന്നിവരില്‍ നിന്ന് പരമ്പരാഗത രീതിയില്‍ ചെമ്പൈ സംഗീത പഠനം ആരംഭിച്ചത്. തുറന്ന ശബ്ദം ഉറപ്പാക്കുന്നതിലും കാലപ്രമാണത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കല്‍ സഹജസ്വഭാവമാക്കി മാറ്റുന്നതിനും ഗുരുക്കള്‍ കൂടിയായ കാരണവന്മാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു എന്ന് ചെമ്പൈ സ്വാമി പല അഭിമുഖങ്ങളിലും അനുസ്മരിച്ചിട്ടുണ്ട്.
ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്രത്തിലാണ്, അതല്ല കാന്തളൂര്‍ ക്ഷേത്രത്തിലാണ് ചെമ്പൈ അരങ്ങേറ്റം നടത്തിയത് എന്ന് രണ്ട് അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഗായകന്‍ എന്ന മേല്‍വിലാസം തനിക്ക് നേടി കൊടുത്തത് 1917ല്‍ തിരുച്ചി മലൈക്കോട്ട ക്ഷേത്രത്തിലെ നൂറ്റുകാല്‍ മണ്ഡപത്തില്‍ നടന്ന കച്ചേരിയാണെന്ന് ചെമ്പൈ പറഞ്ഞിട്ടുണ്ട്. അന്നത്തെ മഹാവിദ്വാന്മാരായിരുന്ന ഗോവിന്ദസാമി പിള്ള, അഴകു നമ്പി പിള്ള, ദക്ഷിണാമൂര്‍ത്തി പിള്ള എന്നിവരായിരുന്നു ആയിരത്തിലേറെ ശ്രോതാക്കള്‍ തടിച്ചു കൂടിയ കച്ചരിക്ക് പക്കം വായിച്ചത് എന്ന് ഉറൂബുമായുള്ള ആകാശവാണി അഭിമുഖത്തില്‍ ചെമ്പൈ പ്രത്യേകം പ്രസ്താവിച്ചിരുന്നു.
വ്യക്തത കൈവിടാതെ, അതി വേഗത്തില്‍ കത്തിരി സ്വരക്കൂട്ടുകള്‍ പാടുക, പക്കവാദ്യക്കാരെ നിരന്തരം പ്രോത്സാഹിപ്പിക്കുക, അവരുമായും സദസ്യരുമായും സരസസംഭാഷണങ്ങളില്‍ ഏര്‍പ്പെടുക, അവതരണത്തില്‍ ലാളിത്യത്തിന്റേതായ ആകര്‍ഷകത്വം നിലനിര്‍ത്തുക തുടങ്ങിയവ ചെമ്പൈ സംഗീതത്തിന്റെ മുഖമുദ്രകളാണെന്നു പറയാം.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തില്‍ അക്കാലത്തെ മറ്റൊരു ജനപ്രിയ ഗായകനായിരുന്ന മധുര മണി അയ്യരെ പോലെ ചെമ്പൈയും ക്ഷണിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 1917-18കാലയളവില്‍ ശബ്ദം തിരിച്ചു കിട്ടിയതിനെ അനുസ്മരിച്ച് ചെമ്പൈ തുടങ്ങി വച്ച ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന് ഇന്ന് സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചത് ശ്രദ്ധേയമാണ്.
സംഗീത കലാനിധി, പദ്മഭൂഷണ്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ചെമ്പൈയുടെ അവസരത്തിനൊത്ത ഹാസ്യബോധം അദ്ദേഹത്തെ മറ്റ് സംഗീതജ്ഞരില്‍ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു. അന്നത്തെ ബോംബെയിലെ സംഗീതാസ്വാദകര്‍ തങ്ങളുടെ നഗരത്തെക്കുറിച്ച് ഒരു പാട്ടു പാടണമെന്ന് ചെമ്പൈയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം സര്‍പ്പപ്പാട്ടിന്റെ ഈണത്തില്‍ ‘ആടു ബോംബേ….’ എന്ന് ശ്രുതി ശുദ്ധമായി പാടി സഹൃദയരെ കൈയിലെടുത്തിട്ടുണ്ടത്രേ!
ഭൈരവി അടതാള വര്‍ണ്ണം, ദീക്ഷിതര്‍ രചിച്ച ഗണപതി സ്തുതി ‘വാതാപി ഗണപതിം ഭജേഹം’, ഒട്ടേറെ സംഗതികള്‍ കൊരുത്തിട്ടുള്ളതിനാല്‍ പാടാന്‍ ദുഷ്‌കരമായ ‘ഇങ്ഗാദ രാധ…’ എന്ന ചക്രവാക രാഗ കൃതി, ഇരയിമ്മന്‍ തമ്പിയുടെ പദങ്ങള്‍ തുടങ്ങി ചെമ്പൈ പാടി പ്രസിദ്ധമാക്കിയ കൃതികള്‍ ധാരാളമുണ്ട്.
ചെന്നൈയില്‍ താമസമായ ലളിതാ ദാസര്‍ എന്ന ഭക്തകവിയുടെ 113 രചനകള്‍ സ്വരപ്പെടുത്തി കച്ചേരികളില്‍ പാടാന്‍ തയ്യാറാക്കിയത് ചെമ്പൈയുടെ അധികമറിയപ്പെടാത്ത സംഗീത സംഭാവനയാണ്.
1974 ഒക്ടോബര്‍ 16ന് 78ാമത്തെ വയസ്സില്‍ ഈ നാദവിസ്മയം, നന്മ നിറഞ്ഞ മനുഷ്യന്‍, കച്ചേരി മേടകളില്‍ ഹാസ്യത്തിന്റെ പൂത്തിരി കൂടി കത്തിച്ച പ്രസന്നതയുടെ അവതാരം അനായാസേന നാരായണപദം പൂകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: