ബെംഗളൂരു : കർണാടകയിലെ നഴ്സിങ്കേളേജുകളിൽ ഇനി വിദേശഭാഷ പഠിക്കാനുള്ള സൗകര്യവും ഒരുങ്ങുന്നു. വിദ്യാർഥികളുടെ ആഗോള തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സർക്കാർ സംസ്ഥാനത്തെ എല്ലാ നഴ്‌സിങ് കോളേജുകളിലും വിദേശ ഭാഷാ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. മന്ത്രി ശരൺ പ്രകാശ് പാട്ടീലാണ് ഇക്കാര്യമറിയിച്ചത്.ജർമനി, ഇറ്റലി, ജപ്പാൻ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ ഒട്ടേറെ റിക്രൂട്ട്മെന്റിനായി സംസ്ഥാനത്തെ സമീപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
നൈപുണ്യമുള്ള നഴ്‌സുമാർക്കും അനുബന്ധ ആരോഗ്യ വിദഗ്‌ധർക്കും അന്താരാഷ്‌ട്രതലത്തിൽ വർധിച്ചുവരുന്ന തൊഴിൽ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം. വിദ്യാർഥികൾക്ക് നഴ്സിങ് പഠനകാലത്ത് ജർമൻ, ജാപ്പനീസ്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയുൾപ്പെടെയുള്ള ഭാഷകൾ പഠിക്കാനുള്ള അവസരം ലഭിക്കും. ഇതുവഴി വിദേശ തൊഴിലവസരങ്ങൾക്കുള്ള സാധ്യത ഇരട്ടിയാകുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ നിലവാരമില്ലാത്തപാരാമെഡിക്കൽ, ജനറൽ നഴ്‌സിങ്, മിഡ്വൈഫറി (ജിഎൻഎം), നഴ്‌സിങ് കോളേജുകൾ എന്നിവ ഇല്ലാതാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: