കട്ടപ്പന: വരയാടുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്ന രാജമല ഇന്ന് തുറക്കും. ഇത്തവണ ജനുവരി മധ്യത്തോടെ തന്നെ പുതുതായി പിറന്ന ഏതാനും വരയാടിന് കുട്ടികളെ രാജമലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് രണ്ടു മാസം കേന്ദ്രം അടച്ചിട്ടത്. ലോകത്തെങ്ങുമുള്ള വരയാടുകളില്‍ പകുതിയിലേറെയും മേഞ്ഞ് നടക്കുന്നത് ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലാണ്.
മെയ് മാസത്തിലാണ് എല്ലാവര്‍ഷവും വരയാടുകളുടെ ഔദ്യോഗിക കണക്കെടുപ്പ്. അതിന് മുമ്പ് വനം വകുപ്പ് ഏകദേശക്കണക്കെടുപ്പ് നടത്തും. നേരിട്ടുള്ള കണക്കെടുപ്പിന് പുറമെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസും അവലംബിക്കാറുണ്ട്. 2006 മുതല്‍ വനം വകുപ്പും മണ്ണുത്തി ഫോറസ്ട്രി കോളജിലെ വാളണ്ടിയര്‍മാരും ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തിവരുന്നത്. സാധാരണ 60നും 30നും ഇടയിലാണ് കുഞ്ഞുങ്ങള്‍ പിറക്കുന്നത്. ഇവയില്‍ പകുതിയില്‍ താഴെ മാത്രമെ പൂര്‍ണ വളര്‍ച്ച പ്രാപിക്കാറുള്ളു.
കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ 830 വരയാടുകളുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ അനൗദ്യോഗികമായി വിലയിരുത്തപ്പെട്ടിരിക്കുന്നത് ഇവയുടെ എണ്ണം ആയിരത്തില്‍ കൂടുതലാണെന്നാണ്. മൂന്നാറില്‍ നിന്നും 13 കി.മീറ്റര്‍ അകലെയുള്ള രാജമലയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വനം വകുപ്പിന്റെ മിനി ബസിലാണ് സഞ്ചാരികളെ കൊണ്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: