തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയിട്ട് 12 വര്‍ഷം തികയുന്ന ഏപ്രില്‍ ഒന്നിന് സംസ്ഥാന ജീവനക്കാര്‍ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കേരള എന്‍ജിഒ സംഘ്. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.ദേവാനന്ദന്‍ ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ അറിയിച്ചു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ് 2013 ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍ ഭരണത്തില്‍ പോലും വാക്കുപാലിക്കാതെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
പുതിയൊരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മറ്റൊരു വാഗ്ദാനം കൂടി നല്‍കി ജീവനക്കാരെ കബളിപ്പിക്കുകയും സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ തുടരുമെന്ന് ഉറപ്പ് നല്‍കി പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ പണയപ്പെടുത്തി അവര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്‌ക്കുന്ന തുകയുടെ ഗ്യാരണ്ടിയില്‍ കോടിക്കണക്കിന് രൂപ കടമെടുക്കുന്ന ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ തുടരുന്നത്.
കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷനു പകരം ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ വാക്കു പാലിക്കണമെന്നും ടി.ദേവാനന്ദനും എസ്. രാജേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: