പത്തുവര്‍ഷം മുമ്പ്, 2015 മാര്‍ച്ച് 31, ബിജെപിയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. അതിലൂടെ ആ ദിവസം ഭാരത ചരിത്രത്തിന്റെയും ലോക രാഷ്‌ട്രീയത്തിന്റെയും ഭാഗമായി. ഭാരതത്തിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി, ലോകത്തെ ഏറ്റവും വലിയ, ഏറ്റവും അംഗങ്ങളുള്ള പാര്‍ട്ടിയായി. അതുവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) ആയിരുന്നു 6.88 കോടി അംഗങ്ങളോടെ ലോകത്ത് ഒന്നാം സ്ഥാനത്ത്. 2014 മാര്‍ച്ച് 31 ന് ബിജെപിയുടെ അംഗസംഖ്യ 8.67 കോടിയായി.
നൈരന്തര്യമുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലെത്തുന്നയാള്‍ ഒപ്പമുള്ളവരുമായി ഏറെ ആലോചിച്ച്, ആസൂത്രണം നടത്തി, ആവിഷ്‌കരിക്കുന്ന ഏതു പദ്ധതിയും അതിന് നിയോഗിക്കപ്പെടുന്നയാളിന്റെ നൈപുണ്യ നേതൃത്വവും സഹയോജിപ്പിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അസാധ്യമായൊന്നുമില്ല എന്നതിന്റെ തെളിവായിരുന്നു ആ നേട്ടം. അത്തരം നേട്ടങ്ങള്‍ക്ക് തീരുമാനമെടുത്ത് ഒരുക്കം നടത്തിയാല്‍ പിന്നെ വേണ്ടത് ”ഒരേ വികാരവും ഒറ്റ മനസ്സും കൂട്ടുചേര്‍ന്ന അഖണ്ഡയജ്ഞവും” ആണ്, അതേ വേണ്ടൂ. ബിജെപിക്ക് കേരളത്തില്‍ പുതിയ അദ്ധ്യക്ഷന്‍ നിയോഗിക്കപ്പെടുമ്പോള്‍, സംസ്ഥാനത്ത് അധികാരത്തിലെത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കുമ്പോള്‍ സാധ്യമോ എന്ന് നെറ്റി ചുളിക്കുന്നവരുണ്ടെങ്കില്‍ സംശയം നീങ്ങാന്‍ സംഘടനയുടെ വളര്‍ച്ചാ ചരിത്രത്തിലേക്ക് നോക്കേണ്ടതുണ്ട്.
ബിജെപി 1980 ല്‍ രൂപപ്പെടുമ്പോഴും 1951 ല്‍ അതിന്റെ പൂര്‍വ രൂപമായ ജനസംഘം രൂപംകൊള്ളുമ്പോഴും രാഷ്‌ട്രീയവും സംഘടനാപരവുമായ നയ- നിലപാടുകളും ഘടനയും എങ്ങനെയാവണമെന്ന് നേതാക്കള്‍ക്ക് വ്യക്തതയുണ്ടായിരുന്നു. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയും പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയും നയിച്ച ജനസംഘവും അടല്‍ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, ഭൈരോണ്‍ സിങ് ഷെഖാവത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് രൂപംകൊടുത്ത ബിജെപിയും അങ്ങനെയാണ് തുടര്‍ച്ചയാകുന്നത്. രാഷ്‌ട്രം മുഖ്യം, ഏറ്റവും പ്രധാനം എന്ന അടിസ്ഥാന ദര്‍ശനം അതിനുമൊക്കെ എത്രയോ മുമ്പേ രാഷ്‌ട്രസ്വരൂപവും ഭാവവവും തുടര്‍ന്നുവന്ന തത്ത്വത്തിന്റെ ആത്മാവായത്, ആകുന്നത് അങ്ങനെയൊക്കെയാണ്.
അതുകൊണ്ടുതന്നെ ഇക്കാലത്തിനിടെ ജനസംഘം- ബിജെപി പ്രസ്ഥാനങ്ങള്‍ക്ക് അവര്‍ കൈക്കൊണ്ട ഒരു നയ സമീപനങ്ങളും തിരുത്തേണ്ടിവന്നിട്ടില്ല. ഒരു കാര്യത്തിലും ഒരു കാലത്തും സ്ഥിരമായി നയമേ ഇല്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ വിട്ടേക്കുക. എല്ലാം നയവും തത്ത്വവുമായി വ്യാഖ്യാനിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘കഥ’ നോക്കുക. തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യാത്ത ഏത് നയമാണ് ആ പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസ്സുകാരനായ എംപി: ശശിതരൂര്‍ അടുത്തിടയ്‌ക്ക് പറഞ്ഞില്ലേ, കമ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കുമെന്ന്.
മൂന്നു പതിറ്റാണ്ടോളം മുമ്പ്, ബിജെപി നേതാവ് എല്‍.കെ. അദ്വാനി അദ്ദേഹത്തിന്റെ സുവര്‍ണ ജയന്തി രഥയാത്ര നടത്തി കേരളത്തിലെത്തി, തലശ്ശേരിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു: ”കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിവേകം ഉദിക്കുന്നത് രണ്ടുപതിറ്റാണ്ട് വൈകിയാണ്. അവര്‍ രണ്ടുപതിറ്റാണ്ട് എത്തുമ്പോള്‍ മുമ്പ് കൈക്കൊണ്ട ഓരോ നയവും നിലപാടും തിരുത്തും, തെറ്റിപ്പോയെന്ന് സമ്മതിക്കും,” എന്ന്. പക്ഷേ ബിജെപിക്ക് അതു വേണ്ടിവന്നിട്ടില്ല. ഒരു രാഷ്‌ട്രീയ കക്ഷി, സമീപകാലത്തൊന്നും അധികാരത്തില്‍ എത്തുമെന്ന് മറ്റു പലരും സങ്കല്‍പ്പിക്കാതിരുന്ന കാലത്ത് കൈക്കൊണ്ട നയസമീപനങ്ങള്‍, ഇപ്പോള്‍ പലസംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലിരിക്കുമ്പോഴും ഒരു മാറ്റവും വരുത്താതെ പിന്തുടരാന്‍ കഴിയുന്നുവെന്നത് ആ പാര്‍ട്ടിയുടെ, നേതൃത്വത്തിന്റെ, മാര്‍ഗ്ഗദര്‍ശികളുടെ ചിന്താശേഷിയുടെ വിശേഷംതന്നെയാണല്ലോ.
ബിജെപി രൂപംകൊണ്ടതിനു തൊട്ടുപിന്നാലേ സംഘടനയുടെ ഘടനയും സ്വഭാവവും സമീപനവും പ്രവര്‍ത്തന പദ്ധതിയും എന്തായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി. അവര്‍ ഏറെ ചര്‍ച്ചകള്‍ക്കും വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും ശേഷം തയാറാക്കിയ പരിപാടിയുണ്ട്. അതാണ് 45 വര്‍ഷമായി പാര്‍ട്ടി തുടരുന്നത്. ആ പരിപാടിയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് കേരളത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നിയോഗവും. അങ്ങനെതന്നെയാണ് ഇതിനു മുമ്പ് കേരള ബിജെപിയെ നയിച്ച മുന്‍ അധ്യക്ഷന്മാരും ദൗത്യം പൂര്‍ത്തിയാക്കിയത്. എന്നുപറഞ്ഞാല്‍, ഇടമുറിയാത്ത നൈരന്തര്യത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിയിലെ നേതൃത്വം.
അന്നത്തെ വര്‍ക്കിങ് ഗ്രൂപ്പിന്റെ റിപ്പാര്‍ട്ടടിസ്ഥാനത്തില്‍ തയാറാക്കിയ ഓര്‍ഗനൈസേഷന്‍ നിര്‍വചനത്തിലും കാഴ്ചപ്പാടിലും ഇങ്ങനെ ചിലത് പറയുന്നുണ്ട്. ബിജെപി
കേഡര്‍ സ്വഭാവമുള്ള ബഹുജന പാര്‍ട്ടിയാണ്. ഒരേ സമയം, സൈന്യത്തിലെപ്പോലെ ഒരേ ലക്ഷ്യത്തില്‍, ഒരു കേന്ദ്രം നിയന്ത്രിക്കുന്ന സംഘമാണ്; എന്നാല്‍, ബഹുജന പാര്‍ട്ടിയുമാണ്. എളുപ്പമല്ല അങ്ങനെയൊരു ഘടന. പക്ഷേ ബിജെപി അങ്ങനെയാണ്. പ്രതിഭകളെ കണ്ടെത്തുക എന്നത് സംഘടനയിലെ തുടര്‍പ്രക്രിയ ആയിരിക്കുകയും വേണം. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണത്.
ബിജെപിയുടെ കേരള ഘടകത്തെ സംബന്ധിച്ചിടത്തോളം ശക്തമായ അടിത്തറ വോട്ടുണ്ട്. അതാണ് കേഡര്‍വോട്ട്. അതിന് കുറവു വരുന്നില്ല. ബഹുജന വോട്ടാണ് ഇനി വേണ്ടത്. അതിനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണ്.
‘ബിജെപി’യുടെ വളര്‍ച്ച, കേവലം 16 വര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തില്‍ അധികാരസ്ഥാനത്തെത്തുന്ന തരത്തില്‍ വേഗത്തിലായത് അതിശയിപ്പിക്കുന്നതായിരുന്നു. 2004 ല്‍ വീണ്ടും അധികാരത്തിലെത്താനാകാത്തതും പത്തുവര്‍ഷം രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം പ്രതിപക്ഷത്തായിപ്പോയതും പ്രതിരോധങ്ങള്‍ പലതരത്തിലുണ്ടായതിനാലാണ്. കേന്ദ്രത്തില്‍ രണ്ടുവട്ടം ഭരിക്കുകയും സൂക്ഷ്മതലത്തില്‍ ദേശത്തും വിദേശങ്ങളിലും നിരീക്ഷണം നടത്തുകയും അതീവ രഹസ്യങ്ങള്‍ പോലും കണ്ടെത്തുകയും ചെയ്തപ്പോഴാണ് ‘ജോര്‍ജ് സോറസ്സിനെ’പ്പോലുള്ള വിദേശശക്തികള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെയും അതനുവദിക്കുന്ന സ്വാതന്ത്ര്യത്തെയും എത്രത്തോളം ദുരുപയോഗിക്കുന്നുവെന്നന് തിരിച്ചറിഞ്ഞത്. 2004 ലെ തെരഞ്ഞെടുപ്പിലെ വാജ്‌പേയി സര്‍ക്കാരിന്റെ തോല്‍വി, 1996 മുതല്‍ 99 വരെ നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍, കേന്ദ്രഭരണമാറ്റങ്ങളില്‍ എല്ലാം എത്രയെത്ര സോറസ്സുമാരുടെ ഇടപെടലുകള്‍ ഉണ്ടായി എന്നത് കണ്ടെത്തേണ്ട രഹസ്യങ്ങളാണ്.
ഇതിനെയെല്ലാം അതിജീവിച്ച് 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നു. തുടര്‍ന്ന് പാര്‍ട്ടി വന്‍ കുതിപ്പു നടത്തി. അമിത്ഷാ ബിജെപിയുടെ അധ്യക്ഷനായശേഷം നടത്തിയ ചില പദ്ധതികളുടെ നടപ്പാക്കലാണ് പാര്‍ട്ടിയെ ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയപ്പാര്‍ട്ടിയാക്കിയത്. അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായി ഏഴുമാസം തികഞ്ഞപ്പോള്‍, 2015 മാര്‍ച്ച് 31 ന്, ബിജെപിയുടെ അംഗസംഖ്യ 3.6 കോടിയായിരുന്നത് 8.67 കോടിയായി. 2024 ഒക്‌ടോബറിലെ കണക്കില്‍ അത് 11 കോടി കടന്നു, തുടരുകയാണ്. ബിജെപി കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തി. പുതിയ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലും ഭരണത്തിലെത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബംഗാളില്‍ ബിജെപി ഭരണത്തിലെത്തുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ബംഗാള്‍ കാര്യം പരാമര്‍ശിക്കവെ പറഞ്ഞു. സാധ്യമായത് പറയുകയും പറയുന്നത് സാധ്യമാക്കുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന വിശേഷണം വന്നത് ആസൂത്രണവും ആവിഷ്‌കാരവുംകൊണ്ടാണ്. പാര്‍ട്ടി അധ്യക്ഷനായിരിക്കെ അമിത്ഷാ നടത്തിയ യാത്ര, ഭാരതത്തിലാകെ 55,000 കിലോമീറ്ററായിരുന്നു; അംഗത്വ വിതരണ പരിപാടിയുടെ വിജയത്തിന് മാത്രം. പാര്‍ട്ടി 19 ഇന പദ്ധതി തയ്യാറാക്കി, ആ വിഭാഗങ്ങളിലെല്ലാം പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ച് ബഹുജനത്തിലേക്കിറങ്ങുകയായിരുന്നു.
ജനസംഘമായിരിക്കെ, 1957 ല്‍, ഭാരതത്തിലാകെ അംഗബലം 74,863 പേരുടേതായിരുന്നു. ബിജെപി ആയ ശേഷം, 2014 ല്‍, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, കേരളം, ആന്ധ്ര എന്നിവിടങ്ങളിലായി ഉണ്ടായിരുന്നത് 64.73ലക്ഷമായിരുന്നു. അത് 2015 ല്‍ 1.58 കോടിയായി വര്‍ധിച്ചു. കേരളത്തിലെ മാത്രം കാര്യമെടുത്താല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തിലെ വളര്‍ച്ച, 2024 ല്‍ കേരളത്തില്‍ ഒരു ലോക്സഭാംഗത്തെ സൃഷ്ടിക്കുന്നതുവരെ എത്തി. കേരളത്തില്‍ ബിജെപിയുടെ ഭരണം എന്നത് പാര്‍ട്ടി നേതാക്കളും അണികളും ഒരു ‘മിഷനാ’ക്കുകയും അതിന് വ്യക്തമായൊരു ‘വിഷനോ’ടെയുള്ള ‘ആക്ഷന്‍’ ഉണ്ടാക്കുകയും ചെയ്താല്‍ സാധ്യമല്ലാത്ത കാര്യമൊന്നുമല്ല അത്. അതിന്റെ സാധ്യത ദേശീയതലത്തില്‍ ബിജെപി പ്രവര്‍ത്തിച്ചു കാണിച്ചതാണല്ലോ. ഒരുപക്ഷേ ഇതൊക്കെ രാഷ്‌ട്രീയ എതിര്‍പക്ഷക്കാര്‍ക്ക് അറിയാവുന്നതിനാലാണ്, ബിജെപിയുടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചപ്പോള്‍ ഇത്രയേറെ ചര്‍ച്ചകള്‍ അതിന്മേല്‍ ഉണ്ടായത് എന്ന് വ്യക്തം.
പിന്‍കുറിപ്പ്:
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കാലിക്കറ്റ് സര്‍വ്വകലാശാല സന്ദര്‍ശിച്ചു, അവിടെ കാമ്പസിലെ അനധികൃത ബാനറും പോസ്റ്ററുകളും നീക്കം ചെയ്യിച്ചു, നിറഞ്ഞ സദസ്സിനു മുന്നില്‍ വീര്‍ ദാമോദര്‍ സവര്‍ക്കറെ പുകഴ്‌ത്തി പ്രസംഗിച്ചു. ഒരു എതിര്‍ ശബ്ദവും പൊന്തിയില്ല; മുദ്രാവാക്യം മുഴക്കിയില്ല. ഇതിന് കാരണം കമ്യൂണിസ്റ്റുകളുടെ മനംമാറ്റമോ നയംമാറ്റമോ എന്നറിയില്ല. എന്തായാലും എസ്എഫ്‌ഐ നേതാവ് അര്‍ഷോമിന് ‘ഗുരുത്വശാപം’
ഉണ്ടാകാതിരിക്കാന്‍ ബീഹാറുവരെ പോയി, അവിടത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒന്ന് നമസ്‌കരിക്കാം; മുന്‍കാല പ്രാബല്യത്തോടെ. ഇത് താന്‍ ഡാ പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: