മ്യാന്‍മറിനെ പിടിച്ചുലച്ച ഇരട്ട ഭൂകമ്പം ലോക മനസ്സാക്ഷിയെത്തന്നെ ഉലയ്‌ക്കാന്‍ പോന്നതായിരുന്നു. 1500 കടന്ന മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടാവുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. തുടര്‍ ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നുമുണ്ട്. ഇന്നലെയും ചില ഗ്രാമ പ്രദേശങ്ങളില്‍ പ്രകമ്പനം ഉണ്ടായത്രെ. രക്ഷാ പ്രവര്‍ത്തകര്‍ 24 മണിക്കൂറും ജാഗരൂകരായി പരിശ്രമിക്കുമ്പോഴും സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ മീറ്ററുകളോളം താഴെയാണ് ജീവന്റെ സാധ്യതയെന്നതും, ഇത്തരം സാഹചര്യത്തില്‍ പരമാവധി മൂന്നു ദിവസത്തിലധികം ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്നതും ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ്.
രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ മണ്ടലേക്ക് സമീപമുണ്ടായ ഭൂകമ്പത്തില്‍ നഗരം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. 7.7 തീവ്രത കാണിച്ച ആദ്യ പ്രകമ്പനത്തില്‍ അയല്‍
രാജ്യങ്ങളായ തായ്ലന്‍ഡ്, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളും കുലുങ്ങി. രക്ഷാ പ്രവര്‍ത്തനത്തിനു ഇടയിലായിരുന്നു രണ്ടാം ഭൂകമ്പം. ഇന്നലെയുണ്ടായത് 5.1 തീവ്രതയുള്ള കുലുക്കമായിരുന്നു.
ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മാനുഷിക ശക്തിക്കും അപ്പുറമുള്ള പ്രതിഭാസമാണെന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലുള്ളത്. കരുതലിനും മുന്നറിയിപ്പുകള്‍ക്കും പരിമിതിയുണ്ട്. അതുകൊണ്ട്തന്നെ അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഏറെ പ്രധാനമാണ്. ആ നിലയ്‌ക്കുള്ള ഭാരതത്തിന്റെ നീക്കം ഏറെ പ്രശംസനീയമായി. സര്‍വ സന്നാഹങ്ങളുമായി ദുരന്ത മേഖലയില്‍ ആദ്യമെത്തിയ വിദേശ സന്നദ്ധസംഘം ഭാരതത്തിന്റെതായിരുന്നു. അയല്‍ രാജ്യത്തോടുള്ള കടമയും സഹായ മനസ്ഥിതിയും വേണ്ടപോലെ ഉള്‍ക്കൊണ്ട നീക്കമായിരുന്നു അത്. സാങ്കേതിക വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും മികച്ച രക്ഷാപ്രവര്‍ത്തകരുടെയും സംഘവും അതിനൊപ്പം മരുന്നുകള്‍, വസ്ത്രം, ഭക്ഷണം തുടങ്ങിയവയും അടങ്ങിയതായിരുന്നു ഭാരതത്തിന്റെ സന്നദ്ധ സംഘം. നമ്മുടെ രക്ഷാ പ്രവര്‍ത്തന സംവിധാനം എത്ര ശക്തവും ചടുലവുമാണെന്നതിന്റെ സൂചനകൂടിയാണിത്. കോവിഡ് കാലത്ത് ലോക രാജ്യങ്ങളെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഭാരതം ഏറെ പ്രശംസ നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ഇവിടത്തെ ചില വിമത വിഭാഗങ്ങള്‍ പരിഹാസത്തോടെ കണ്ട നമ്മുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് മരുന്നിനെ ലോകം ആദരവോടെ എറ്റുവാങ്ങിയത് മറക്കാറായിട്ടില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പഠിപ്പിച്ച സംസ്‌കാരത്തെ മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങുന്ന ഭാരതമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: