തിരുവനന്തപുരം: എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ സംഭവത്തില്‍ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ്.
വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന യൂണിവേഴ്‌സിറ്റി നിലപാട് പ്രതിഷേധാര്‍ഹമാണ്. 2024 മെയ് മാസം നടന്ന മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം ഒരു വര്‍ഷം ആയിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രോജക്ട് ഫിനാന്‍സ് എന്ന പേപ്പറിന്റെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനിടയില്‍ അദ്ധ്യാപകരുടെ കൈയില്‍ നിന്ന് നഷ്ടമായതിനെ തുടര്‍ന്ന് അത്രയും വിദ്യാര്‍ത്ഥികള്‍ വീണ്ടും ആ പരീക്ഷ എഴുതണം എന്നാണ് യൂണിവേഴ്‌സിറ്റി അറിയിച്ചിരിക്കുന്നത്. ഈ വിഷയം പരിഹരിക്കുന്നതില്‍ വൈകിയ വേളയിലും യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും പരീക്ഷ എഴുതുക എന്നത് വലിയ മാനസിക – പ്രായോഗിക പ്രശ്‌നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുന്നത്. ഇന്റേണല്‍ അസെസ്‌മെന്റോ മറ്റ് രീതികളുടെയോ അടിസ്ഥാനത്തില്‍ സംവിധാനങ്ങള്‍ നടപ്പിലാക്കി സ്‌പെഷ്യല്‍ പരീക്ഷ ഒഴിവാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരീക്ഷ കണ്‍ട്രോളര്‍ക്കും വിസിക്കും എബിവിപി പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: