തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആശ പ്രവര്‍ത്തകര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആശ പ്രവര്‍ത്തര്‍ മുടിമുറിക്കുന്നത്. രാവിലെ 10ന് നടക്കുന്ന മുടി മുറിക്കല്‍ സമരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുമെത്തുന്ന ആശാ വര്‍ക്കര്‍മാര്‍ അണിചേരും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇന്ന് രാവിലെ 11 മണിക്ക് ആശവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റിലെ സമരപന്തല്‍ സന്ദര്‍ശിച്ച് മുടിമുറിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.
സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പിനെത്തുടര്‍ന്ന് മൃഗങ്ങളെയും പക്ഷികളെയും മറ്റ് ജീവികളെയും കുറിച്ച് പോലും മുഖ്യമന്ത്രിക്ക് ആശങ്കയുണ്ട്. എന്നാല്‍, കഴിഞ്ഞ 50 ദിവസമായി കത്തുന്ന വെയിലില്‍ സമരം ചെയ്യുന്ന ആശാ തൊഴിലാളികളെക്കുറിച്ച് അദ്ദേഹം ഒരു വാക്കുപോലും മിണ്ടുന്നില്ലെന്ന് സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. ചര്‍ച്ചയ്ക്ക് വിളിക്കാതെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
അതിനിടെ ആശാ പ്രവര്‍ത്തരുടെ സമരത്തോട് ദേഷ്യമോ വെറുപ്പോ ഇല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും. അവരുടെ രാഷ്ട്രീയ സമീപനത്തെയാണ് എതിര്‍ക്കുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശികയായി നല്‍കാനുള്ള 53 കോടി രൂപ നല്‍കിയിരുന്നു. യുഡിഎഫ് പഞ്ചായത്തുകള്‍ ആശമാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ട്. ഇതിന്റെ സാങ്കേതിക വശങ്ങള് നോക്കണം. എന്നാല്‍ ഈ സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നോക്കരുതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: