നാഗ്പൂര്‍: വര്‍ഷപ്രതിപാദ ദിനത്തില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോയിറ്ററിങ് മ്യുനിഷന്‍ ടെസ്റ്റ് റേഞ്ചിന്റെ ഉള്‍പ്പെടെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധവ് നേത്രലയം പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മാധവ് നേത്രാലയം പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജുകളുടെ എണ്ണം ഇരട്ടിയാക്കുക മാത്രമല്ല കേന്ദ്രം ചെയ്തത്, പ്രവര്‍ത്തന ക്ഷമമായ എയിംസുകളുടെ എണ്ണം മൂന്നിരട്ടിയാക്കി. മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി. ജനങ്ങള്‍ക്ക് യോഗ്യരായ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പാക്കി സമൂഹത്തെ സേവിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ലഭ്യമാകുന്നത്. ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി പാവപ്പെട്ടവര്‍ക്ക് വളരെ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ കിട്ടുന്നു. ഇതിലൂടെയെല്ലാം സാധാരണക്കാരന് പണം ലാഭിക്കാന്‍ കഴിയുന്നു. പത്ത് വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍ നിര്‍മിച്ചു, അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകം ഒരു കുടുംബം എന്നര്‍ത്ഥമുള്ള വസുധൈവ കുടുംബകം എന്ന നമ്മുടെ മന്ത്രം ഇന്ന് ലോകം മുഴുവന്‍ പ്രതിധ്വനിക്കുന്നു. നമ്മുടെ പ്രവൃത്തി ഈ വിശ്വസത്തെ പ്രതിഫലിപ്പിക്കുന്നു. ലോകം മുഴുവന്‍ കൊവിഡ് ബാധിച്ചപ്പോള്‍ ഭാരതം ഈ ആഗോള സമൂഹത്തെ സ്വന്തം കുടുംബമായിക്കണ്ടു. അവരുടെ ആവശ്യാനുസരണം വാക്‌സിന്‍ നല്‍കി. കഴിഞ്ഞ ദിവസം മ്യാന്‍മറിനെ ദുരിതത്തിലാഴ്‌ത്തി ഭൂചലനമുണ്ടായി. നമ്മളാണ് ആദ്യം പ്രതികരിച്ചത്. അവര്‍ക്ക് സഹായമെത്തിക്കാന്‍ ഓപ്പറേഷന്‍ ബ്രഹ്മയെന്ന ദൗത്യവുമാരംഭിച്ചു. മുമ്പ് നേപ്പാളിലും തുര്‍ക്കിയിലും ഭൂചലനമുണ്ടായപ്പോഴും നമ്മള്‍ സഹായിച്ചു.
പല രാജ്യങ്ങളിലും സംഘര്‍ഷമുണ്ടായപ്പോള്‍ ഭാരത പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ ഒഴിപ്പിക്കുന്നതിനും നമ്മള്‍ സമയോചിതമായി നടപടികള്‍ കൈക്കൊണ്ടു. അങ്ങനെ ഭരതത്തിന്റെ പുരോഗതിക്ക് ലോകം സാക്ഷിയാവുകയാണ്. അതോടൊപ്പം ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായും ഭാരതം മാറുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: