തൃശൂർ: പൂരം വെടിക്കെട്ട് വിവാദം തരികിട പരിപാടിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണ പൂരം ഗംഭീരമായി നടത്തുമെന്നും കേന്ദ്ര നിയമം മാറ്റുന്നത് രാജ്യത്തെ വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. മെയ് മാസം ആറിനാണ് തൃശുർ പൂരം.
ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ എത്തിച്ച് രണ്ട് മണിക്കൂർ സമയം ചർച്ച നടത്തി. കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. സർക്കാരിന് നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വേലയ്‌ക്ക് വെടിക്കെട്ടിന് അനുമതി ലഭിക്കാൻ താൻ കൂടെ നിന്നു. ചില രാഷ്‌ട്രീയ സൗകര്യങ്ങൾക്ക് വേണ്ടി അവർ അതുമറച്ച് വെയ്‌ക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആശ വർക്കർമാരുടെ സമരത്തിൽ രാഷ്‌ട്രീയ സർക്കസിന് ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പല തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു. അത്തരം വിമർശനങ്ങൾ രാഷ്‌ട്രീയ സർക്കസിന്റെ പേരിലാണ്. അത്തരം രാഷ്‌ട്രീയ സർക്കസുകൾക്ക് താനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനത്തോട് അഞ്ചു വർഷം കൂടുമ്പോൾ തൃശൂരിൽ നിന്ന് ജയിച്ചവർ എന്താണ് ചെയ്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വിമർശനം ഉന്നയിക്കുന്നവർ മുമ്പ് ചെയ്തത് എന്തെല്ലാമെന്ന് കൂടി ഓർക്കണം. തോറ്റപ്പോഴും തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. ജയിച്ചപ്പോൾ പിന്നെ എന്തൊക്കെ ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടല്ലോയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: