ന്യൂദല്‍ഹി: യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാൻ ജയിലധികൃതർക്ക് ഉത്തരവ് ലഭിച്ചതായി ഓഡിയോ സന്ദേശം. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്‌ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.
സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിന് നിമിഷ പ്രിയ അയച്ച സന്ദേശത്തിലാണ് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചെന്ന ഉത്തരവ് ജയിലിൽ കിട്ടിയതെന്ന് അറിയിച്ചത്. ഇക്കാര്യം ഒരു അഭിഭാഷകയാണ് തന്നെ വിളിച്ചറിയിച്ചതെന്നും നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നു. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്.
അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. നിമിഷ പ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയിരുന്നു. കൂടാതെ നിമിഷപ്രിയയുടെ അമ്മയ്‌ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം നല്‍കുകയും ചര്‍ച്ചയ്‌ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ചോരപ്പണം യെമനില്‍ എത്തിക്കാനും സഹായം നല്‍കിയിരുന്നു. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ നടന്ന ചര്‍ച്ച വിജയം കാണാതെ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: