ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വന്നശേഷം കസ്റ്റഡി മരണങ്ങളും വ്യാജ ഏറ്റുമുട്ടലുകളും തമിഴ് നാട്ടില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ച്. ഏറ്റവുമൊടുവില്‍ മാല പൊട്ടിക്കല്‍ കേസിലെ പ്രതിയായ ജാഫര്‍ ഗുലാം ഹുസൈന്‍ ഇറാനി എന്നയാളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് ഈ നിരീക്ഷണം.
സംഭവത്തെക്കുറിച്ച് ചെന്നൈ പോലീസ് കമ്മീഷണര്‍ അരുണ്‍ നല്‍കിയ വിശദീകരണം ‘സ്വയം പ്രതിരോധത്തിനായി’ തിരിച്ചു വെടിവച്ചു എന്നാണ്. എന്നാല്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചേക്കാമെന്ന് അറിയാമായിരുന്നിട്ടും വിലങ്ങിട്ടില്ല, കള്ളന് പിസ്റ്റള്‍ ലഭിക്കാന്‍ ഇടയാക്കി, സമീപത്ത് സര്‍ക്കാര്‍ ആശുപത്രി ഉള്ളപ്പോള്‍ പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങള്‍ പൊലീസിനെതിരെ ഉയര്‍ന്നിരുന്നു.
2024 ല്‍ മറ്റൊരു പ്രതിയായ തിരുവെങ്കടത്തെ വെടിവച്ചു കൊന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ബുഹാരി തന്നെയാണ് ജാഫറിനെയും വെടിവച്ചത്. പുതിയ പോലീസ് കമ്മീഷണര്‍ ചുമതലയേറ്റതിന് ശേഷം എട്ട് മാസത്തിനുള്ളില്‍ നാല് നിയമവിരുദ്ധ കൊലപാതകങ്ങളാണ് നടന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡിഎംകെ അധികാരത്തില്‍ വന്ന 2021 മുതല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ 16 ഏറ്റുമുട്ടലുകളിലായി 19 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പീപ്പിള്‍സ് വാച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: