പത്തനംതിട്ട: ജലപ്രവാഹം നിലച്ച ആദി പമ്പയെയും വരട്ടാറിനെയും വീണ്ടെടുക്കാന്‍ എന്ന പേരില്‍ ഭരണത്തിലും സിപിഎമ്മിലും നിര്‍ണായക സ്വാധീനമുള്ള പ്രമുഖന്റെ ഒത്താശയോടെ മണല്‍ ഖനനം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ വേര്‍തിരിച്ച് ആറാട്ടു പുഴയ്ക്ക് താഴെ കോയിപ്രത്തേയും ഇടനാടിനെയും വകഞ്ഞുമാറ്റി ഒഴുകുന്ന ആദി പമ്പയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തില്‍ മണല്‍ ഖനനം. ഇതിനോടകം ഒരു ലക്ഷത്തിലധികം ലോഡ് മണല്‍ കോരിയെടുത്തു കൂട്ടിയിട്ടിട്ടുണ്ട്.
പമ്പ ആദ്യം ഒഴുകിയിരുന്ന വഴിയായി കണക്കാക്കുന്ന ആദി പമ്പ പൂര്‍ണമായി വറ്റിവരണ്ടത് അര നൂറ്റാണ്ട് മുമ്പാണ്. ഇടനാട് എന്ന ഗ്രാമത്തെ ചുറ്റി നാലുകിലോമീറ്റര്‍ ഒഴുകുന്ന നദി മംഗലം എന്ന സ്ഥലത്തെത്തി പമ്പയില്‍ സംഗമിക്കുന്നു. ഓതറ പുതുക്കുളങ്ങരയില്‍ എത്തുമ്പോള്‍ ആദി പമ്പയില്‍ നിന്നുമാണ് വരട്ടാര്‍ തുടങ്ങുന്നത്. അഞ്ച് പതിറ്റാണ്ടിന് മുമ്പ് ആദി പമ്പയിലൂടെയുള്ള നീരൊഴുക്കു നിലച്ചതോടെ വരട്ടാറിലും വെള്ളമില്ലാതായി.
ഈ രണ്ട് നദികളേയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു വര്‍ഷം മുമ്പ് നദിയുടെ ആഴം കൂട്ടാന്‍ ഖനനം ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് മണല്‍ കൊള്ള ആയിരുന്നെന്നും ഇതിനോടകം രണ്ടു ലക്ഷം ലോഡ് മണല്‍ കടത്തിക്കഴിഞ്ഞെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് ജനകീയ സമരം ആരംഭിച്ചതോടെ മണല്‍ എടുപ്പും കടത്തും നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വേനല്‍ ആരംഭിച്ചതോടെയാണ് വീണ്ടും ഖനനം തുടങ്ങിയത്. കുട്ടിയിട്ടിരിക്കുന്ന മണല്‍ ഇതുവരെ കടത്താന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ മഴയ്ക്ക് മുമ്പ് ഇതു പൂര്‍ണമായും വിവിധ യാര്‍ഡുകളിലേക്ക് മാറ്റുകയാണ് മണല്‍കടത്ത് ലോബിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: