തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഏപ്രില്‍ മൂന്നു മുതല്‍ ഒമ്പത് വരെ നടക്കും. വിശിഷ്ടമായ പൂജകള്‍, അന്നദാന സദ്യ, പുറത്തെഴുന്നള്ളത്ത്, പൊങ്കാല, ഗുരുസി എന്നിവയും വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നടക്കും. ഒന്നാം ഉത്സവ ദിവസം വൈകിട്ട് അഞ്ചിന് ദേവിയെ ആദ്യമായി പ്രതിഷ്ഠ നടത്തിയ ഗുരുമന്ദിരത്തില്‍ ഗുരുവിനും മന്ത്രമൂര്‍ത്തിക്കുമുള്ള ഗുരുപൂജയോടു കൂടി ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. അന്നേ ദിവസം വൈകിട്ട് 6ന് സാംസ്‌ക്കാരിക സമ്മേളനവും കരിക്കകത്തമ്മ പുരസ്‌കാര സമര്‍പ്പണവും നടക്കും.
സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കായി കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കരിക്കകത്തമ്മ പുരസ്‌കാരം വ്യവസായി ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ക്ക് മന്ത്രി സമ്മാനിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനാകും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയാവും. കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വ്വഹിക്കും.
ദിവസവും രാവിലെ പന്തീരടി പൂജ, നവകം, കലശാഭിഷേകം എന്നിവയും വൈകിട്ട് ഭഗവതി സേവയും പുഷ്പാഭിഷേകവും നടക്കും. 7,8 തീയതികളില്‍ രാവിലെ 8.40 മുതല്‍ ദേവി തങ്കരഥത്തില്‍ പുറത്തേക്ക് എഴുന്നെള്ളും. 9നാണ് കരിക്കകം പൊങ്കാല. രാവിലെ 9.40ന് ക്ഷേത്ര ശ്രീ കോവിലില്‍ നിന്ന് തന്ത്രി പുലിയന്നൂര്‍ മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് പൊങ്കാല കളത്തിലെ പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 2.15ന് ദേവിയുടെ ഉടവാള്‍ പൊങ്കാല കളത്തില്‍ എഴുന്നെള്ളിച്ച് പൊങ്കാല തര്‍പ്പണം നടക്കും. രാത്രി അത്താഴപൂജയ്‌ക്ക് ശേഷം ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തില്‍ എഴുന്നള്ളിച്ച് താന്ത്രികവിധി പ്രകാരമുള്ള ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ നായര്‍, പ്രസിഡന്റ് കെ. പ്രതാപചന്ദ്രന്‍, സെക്രട്ടറി വി. അശോക് കുമാര്‍, ട്രഷറര്‍ എസ്. ഗോപകുമാര്‍, വൈസ് പ്രസിഡന്റ് എസ്. മധുസൂദനന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ജി. കെ. ഓം പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: