തിരുവനന്തപുരം : മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയെങ്കിലും നിയമയുദ്ധം തുടരുമെന്ന് ഹർജിക്കാരിലൊരാളായ മാത്യു കുഴല്‍നാടന്‍. കോടതിയില്‍ പറഞ്ഞതെല്ലാം തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. നിയമ പോരാട്ടത്തില്‍ നിരാശനല്ല. നിയമയുദ്ധം തുടരുമെന്നത് ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണെന്നും മാത്യു പറഞ്ഞു.
അതേ സമയം സി പി എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ഒമ്പത് വര്‍ഷമായിട്ടും ഒരാരോപണവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മന്ത്രിമാരുടെ കൈകള്‍ ശുദ്ധമാണ്. ഈ കൈകകള്‍ ശുദ്ധമാണെന്ന് മുഖ്യമന്ത്രി കൈകള്‍ ഉയര്‍ത്തി പറഞ്ഞതാണ്. എത്ര ഇരുമ്പാണി അടിച്ചു കയറ്റിയാലും പിണറായി വിജയന്റെ ശരീരത്തില്‍ കയറില്ല. ഞങ്ങളെ ആക്ഷേപിച്ച് കേരളത്തിലെ സി പി എമ്മിനെ തകര്‍ക്കാനാകില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.
സി എം ആര്‍ എല്‍-എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ബാബു വിധി പുറപ്പെടുവിച്ചത്. മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവുമായിരുന്നു ഹർജിക്കാര്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ആവശ്യം തള്ളിയിരുന്നു. ഹർജിയില്‍ വാദം നടക്കുന്നതിനിടെ ഹരജിക്കാരനായ ഗിരീഷ് ബാബു മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: