തിരുവനന്തപുരം: ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്.
ഷൈലജ എസ്., ബീന പീറ്റര്‍, അനിതകുമാരി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇവരുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നതായി ആശാ പ്രവര്‍ത്തകര്‍ പറയുന്നു.
പുതുച്ചേരി മാതൃകയില്‍ കേരള സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് ആവശ്യപ്പെട്ടു. പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് വെളിപ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് ഓണറേറിയം സ്വതന്ത്രമായി വര്‍ദ്ധിപ്പിക്കാം എന്നതാണ്. ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല തദ്ദേശ സ്ഥാപനങ്ങളും ആശമാരുടെ ഓണറേറിയം കൂട്ടി. യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭാ ബജറ്റില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.നഗരസഭയില്‍ 52 ആശമാരാണുള്ളത്.
പെരുമ്പാവൂര്‍, മരട് നഗരസഭകളും പ്രതിമാസം 2000 രൂപ അധിക ഓണറേറിയം ബജറ്റുകളില്‍ പ്രഖ്യാപിച്ചു. പെരുമ്പാവൂരില്‍ 27ഉം മരടില്‍ 33 ഉം ആശാപ്രവര്‍ത്തകരാണുള്ളത്.
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്ത് ആശമാര്‍ക്ക് 2,000 രൂപയാണ് അധികം നല്‍കുക.
പ്രതിമാസം 2,000 രൂപ അധികം നല്കാന് കണ്ണൂര്‍ കോര്പ്പറേഷന് ബജറ്റില്‍ നിര്‍ദേശം. 128 ആശാവര്‍ക്കര്‍മാരാണുള്ളത്. ഡിപിസി അംഗീകാരം ലഭിച്ചാല്‍ ഓണ്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കും. നിലവില്‍ ദിവസവേതനം 262 രൂപയാണ്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നഗരസഭയും എലപ്പുള്ളി പഞ്ചായത്തും ഓണറേറിയം കൂട്ടി. മണ്ണാര്‍ക്കാട് നഗരസഭ മാസം 2,100 രൂപയാണ് ബജറ്റില്‍ വര്‍ദ്ധിപ്പിച്ചത്. 28 ആശാവര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കും. എട്ട് ലക്ഷം രൂപയാണ് നഗരസഭയ്ക്ക് അധികബാധ്യത. എലപ്പുള്ളി പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാര്‍ക്കും മാസം 1000 രൂപ വര്‍ദ്ധിപ്പിച്ചു. ബജറ്റിലാണ് പ്രഖ്യാപനം. 33 ആശാവര്‍ക്കര്‍മാരാണ് എലപ്പുള്ളി പഞ്ചായത്തിലുള്ളത്. ഇവര്‍ക്കായി 3.96 ലക്ഷമാണ് വകയിരുത്തിയത്.
മുന്‍ എംഎല്‍എ ജോസഫ് എം. പുതുശ്ശേരി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇരുമ്പില്‍ വിജയന്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജില്ലാ സെക്രട്ടറി ബി. രാജേന്ദ്രന്, ജനപക്ഷം ഭാരവാഹികളായ ബെന്നി ജോസഫ്, കെ.എം. നസ്റുദ്ദീന്‍, പത്തനംതിട്ട റാന്നി താലൂക്ക് നാറാണംമുഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, മെമ്പര്‍ സാം ജി. ഇടമുറി, ബീനാ ജോബി, ഷിബു തോണക്കടവില്, ആശാവര്‍ക്കര്‍മാരായ ബേബി, മിനി, ഷേര്‍ളി തുടങ്ങിവര്‍ സമരവേദിയില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: