ഇൻഡോർ : വീണ്ടും ഹിന്ദുധർമ്മങ്ങളെയും സന്യാസിമാരെയും അവഹേളിച്ച് കോൺഗ്രസ്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ അമർപട്ടണിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഡോ. രാജേന്ദ്ര കുമാർ സിംഗ് സന്യാസിമാരെയും ഋഷിമാരെയും കാളകളോട് ഉപമിച്ചുകൊണ്ടാണ് വിവാദം സൃഷ്ടിച്ചത്. ജില്ലയിൽ നടന്ന ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്.
അതേ സമയം ഇതിന് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ബിജെപി ഇത് അവരുടെ മോശം ഹിന്ദു വിരുദ്ധ മാനസികാവസ്ഥയാണെന്ന് വിശേഷിപ്പിച്ചു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കോൺഗ്രസ് എംഎൽഎയുടെ വിവാദ പ്രസ്താവന ഉൾപ്പെടുന്ന വീഡിയോ എക്സിൽ പങ്കുവെച്ചു.
“മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര കുമാർ സിംഗ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരിയുടെ സാന്നിധ്യത്തിൽ മഹാമണ്ഡലേശ്വരനെയും സന്യാസിമാരെയും കാളകളുമായി താരതമ്യം ചെയ്യുന്നു. കോൺഗ്രസിന്റെ വിലകുറഞ്ഞ ഹിന്ദു വിരുദ്ധ മാനസികാവസ്ഥ എല്ലാ പരിധികളെയും ലംഘിച്ചിരിക്കുന്നുവെന്നും ” – അമിത് മാളവ്യ എക്സിൽ കുറിച്ചു.
ഇതിനു പുറമെ പ്രമുഖ ബിജെപി നേതാവ് വിശ്വാസ് കൈലാഷ് സാരംഗും കോൺഗ്രസിനെ ഹിന്ദു വിരുദ്ധരെന്ന് വിശേഷിപ്പിച്ചു. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും സന്യാസിമാരെയും സനാതന ധർമ്മത്തെയും അപമാനിക്കുന്നത് കോൺഗ്രസിന്റെ പഴയ ശീലമാണെന്ന് അദ്ദേഹം പറഞ്ഞു. സന്യാസിമാരെയും ഋഷിമാരെയും കാളകളുമായി താരതമ്യം ചെയ്യുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഇറ്റാലിയൻ സംസ്കാരത്തിൽ വളർന്നവരും സന്യാസിമാരെയും സനാതന ധർമ്മത്തെയും അപമാനിക്കുന്നവരുമായ കോൺഗ്രസ് നേതാക്കൾ മറ്റെന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: