കോട്ടയം: ആശമാർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകുമെന്ന് ബിജെപി ഭരണത്തിലുള്ള പാലാ മുത്തോലി പഞ്ചായത്ത്. പഞ്ചായത്തിന്റെ 2025 – 26 ബജറ്റിലാണ് ഈ നിർണയക പ്രഖ്യാപനം. സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നൽകാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ജി മീനാഭവൻ അറിയിച്ചു.
ആശാ വർക്കർമാർക്ക് മാത്രമായി ബജറ്റിൽ മാറ്റി വെച്ചത് 12 ലക്ഷം രൂപയാണ്. ഒരു വർഷം ആശ പ്രവർത്തകർക്ക് അധികമായി 84,000 രൂപ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിരവധി തദ്ദേശ സ്ഥാപനങ്ങൾ ആശാവർക്കർമാർക്കായി അധിക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏറ്റവും തുക വകയിരുത്തിയതും പ്രതിമാസം ഏറ്റവും അധിക തുക നൽകുമെന്ന് പ്രഖ്യാപിച്ചത് മുത്തോലി ഗ്രാമപഞ്ചായത്ത് ആണെന്നതാണ് പ്രത്യേകത.
ഓണറേറിയം വർധനവാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്നതിനിടെയാണ് ആശമാർക്ക് സാന്ത്വനവുമായി മുത്തോലി പഞ്ചായത്ത് എത്തിയത്. കഴിഞ്ഞ ദിവസം ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ആശാ വർക്കർമാര്‍ക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓരോ ആശാ വർക്കർക്കും മാസവരുമാനത്തിൽ 1000 രൂപയുടെ വർധന ഉണ്ടാകും.
നേരത്തെ പത്തനംതിട്ടയിലെ വെച്ചൂച്ചിറ, കോന്നി ഗ്രാമപഞ്ചായത്തുകളും കൊല്ലത്തെ തൊടിയൂർ ഗ്രാമപഞ്ചായത്തും കോതമംഗലത്തെ വാരപ്പെട്ടി പഞ്ചായത്തും ആശാ വർക്കർമാർക്ക് അധിക ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു.
ആശ പ്രവര്‍ത്തകര്‍ക്ക് 7000 രൂപ പ്രതിമാസ അധിക വേതനം നല്‍കാനുള്ള മുത്തോലി ഗ്രാമപഞ്ചായത്ത് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി ലിജിന്‍ ലാല്‍ അറിയിച്ചു. ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്ത പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ആശാ പ്രവര്‍ത്തകരോട് അവഗണനാപരമായ സമീപനമാണ് പുലര്‍ത്തുന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന നിലപാടാണ് സര്‍ക്കാരും ഭരണകക്ഷിയും സ്വീകരിക്കുന്നതെന്നും ലിജിന്‍ ലാല്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: