കഴിഞ്ഞ ഏതാനും സംവത്സരങ്ങളായി ഭാരതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. രാജ്യത്താകെ ഏകദേശം 16 കോടി ഹെക്ടര്‍ കൃഷിയോഗ്യ ഭൂമിയാണുള്ളത്. ഇവിടെ 43-44ശതമാനം ആളുകള്‍ പൂര്‍ണ്ണമായും കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവരില്‍ത്തന്നെ 14.6-കോടി ചെറുകിട നാമമാത്ര കര്‍ഷകകുടുംബങ്ങളാണ് കൃഷിക്കാരായിട്ടുള്ളത്. ലോകത്ത് ആകെ ഉല്പാദിപ്പിക്കുന്ന അരിയുടെ 42 ശതമാനം ഭാരതീയ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്നതാണ്. പാലും പാലുല്പ്പന്നങ്ങളും ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നതും നമ്മളാണ്. ഗോതമ്പിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉല്പാദകരാണ്. ഭാരതത്തില്‍ കൃഷിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ രണ്ടരലക്ഷം കോടി രൂപ മറികടന്നിരിക്കുന്നു.
കേരളമെന്ന പരീക്ഷണശാല
കേരളത്തിന്റെ ഭക്ഷ്യ വിഭവോത്പാദനത്തെ പിന്നാക്കം വലിച്ച ഒട്ടനവധി ഘടകങ്ങളുണ്ട്. ഗ്രാമ മണ്‍ട്രങ്ങളില്‍ നിന്ന് രാജാധികാരത്തിലേക്കും തുടര്‍ന്ന് ജനാധിപത്യത്തിലേക്കും നടന്നു കയറിയ കാലഘട്ടങ്ങളിലൂടെ കേരളത്തിലെ കാര്‍ഷിക രംഗം പിന്നിട്ടുപോന്ന വഴിത്താരകള്‍ സുഗമമായിരുന്നില്ല. ദേവസ്വം, ബ്രഹ്മസ്വം, വിരുത്തി ഇനങ്ങളിലായി ഉടമസ്ഥാവകാശമുണ്ടായിരുന്ന ഭൂമി 1970കളിലേക്കെത്തുമ്പോള്‍ ചെറിയ ചെറിയ കഷണങ്ങളാക്കി വിഭജിക്കപ്പെട്ടിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റേയും ആക്രമണകാലത്തും മലബാറിലെ മാപ്പിളലഹളയുടെ കാലത്തും കൃഷിഭൂമി അടിസ്ഥാനകര്‍ഷക ജനതയില്‍ നിന്ന് ഏകപക്ഷീയമായി പിടിച്ചെടുക്കപ്പെട്ടു. കൃഷിക്കാരായിരുന്ന ഒരു വലിയ ജനവിഭാഗം ക്രൂരമായി വധിക്കപ്പെട്ടു. ടിപ്പുവിന്റെ കാലത്ത് കോഴിക്കോടു മാത്രം 20000 കര്‍ഷകരാണ് കഴുവേറ്റപ്പെട്ടത്. രണ്ടുലോകമഹായുദ്ധങ്ങള്‍ കേരളത്തിലെ കൃഷിയുടെ സ്വഭാവം മാറ്റി മറിച്ചു. കൊളോണിയലിസത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വന്‍കിടതോട്ടങ്ങള്‍ സ്വാതന്ത്ര്യാനന്തരം തോട്ടമുടമകളായിരുന്ന ബ്രിട്ടീഷുകാര്‍ തങ്ങളുടെ ആശ്രിതര്‍ക്കും മതക്കാര്‍ക്കുമായി ചാര്‍ത്തിക്കൊടുത്തു. അതിലൂടെ ഉയര്‍ന്നുവന്ന പുതിയ കര്‍ഷകരുടെ മനസ്ഥിതിയും ചൂഷണ മുക്തമായിരുന്നില്ല. വലിയതോതില്‍ കാടുവെട്ടിത്തെളിച്ച് കയ്യേറി നവമതസംഘങ്ങള്‍ അരങ്ങുതകര്‍ത്തു. രാജാധികാരത്തെ നിയന്ത്രിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കായലുകള്‍ കയ്യേറി. ഇതോടെ ഇവിടുത്തെ കാര്‍ഷിക സന്തുലിതാവസ്ഥയും കര്‍ഷക സന്തുലിതാവസ്ഥയും തകര്‍ന്നു.
1957 മുതല്‍ 1970 വരെ നീണ്ടുനിന്ന ഭൂപരിഷ്‌കരണ നിയമനിര്‍മാണങ്ങളും തുടര്‍ന്നുവന്ന ഭൂപരിഷ്‌കരണ ഭേദഗതിനിയമവും സംസ്ഥാനത്തെ കര്‍ഷക ബന്ധങ്ങളിലും ഉല്‍പാദന ഉപാധികളിലും സാമൂഹിക പരിതസ്ഥിതികളിലും മാറ്റങ്ങളുണ്ടാക്കി. യഥാര്‍ത്ഥ കര്‍ഷകന്‍ കൃഷിയില്‍നിന്നകന്നു. കൃഷി വിഭവങ്ങള്‍ നഷ്ടപ്പെട്ടു. കൃഷി ആദായകരമല്ലാതായി. ഇതോടെ കര്‍ഷകരുടെ പിന്‍തലമുറ മറ്റു ജോലികളിലേയ്‌ക്കും അന്യദേശങ്ങളിലേക്കും കുടിയേറി. ഗള്‍ഫുനാടുകളിലേക്കുള്ള തൊഴില്‍ കുടിയേറ്റവും അവിടെ നിന്നെത്തിയ പണവും റിയല്‍എസ്റ്റേറ്റ് സംഘങ്ങളുടെ പിടിയിലേക്ക് കേരളം അമരാന്‍ കാരണമായി. വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ അനാവശ്യ ഇടപെടലുകളും തര്‍ക്കങ്ങളും കൃഷിയിടങ്ങളെ സംഘര്‍ഷഭരിതവും തരിശുകളുമാക്കി മാറ്റാനേ ഉപകരിച്ചുള്ളൂ.
കേരളത്തിന്റെ കാര്‍ഷികരംഗം പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഭൂവിനിയോഗരീതിയിലും വിളക്രമത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ യഥാര്‍ത്ഥ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നത്. 2019-20 ലെ കണക്കില്‍ കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38.86 ലക്ഷം ഹെക്ടറാണ്. 25.89 ലക്ഷം ഹെക്ടറില്‍ കൃഷിയിറക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. പക്ഷേ കാര്‍ഷിക വിസ്തൃതി 20.26 ലക്ഷം ഹെക്ടര്‍ മാത്രമാണ്. ആകെ ഭൂമിയുടെ 52.13% ഭൂവിസ്തൃതിയുടെ 27.83% വനം, കാര്‍ഷികേതര ഭൂമി 11.73% കൃഷിക്കനുയോജ്യമായ പാഴ്ഭൂമി 2.57%, കൃഷിചെയ്യാനാവാത്ത പാഴ്ഭൂമി 1.48% എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ത്തന്നെ 9.88% ഭക്ഷ്യവിളകളും 61.6% നാണ്യവിളകളുമാണ്. തെങ്ങ്് 29.3%, റബ്ബര്‍ 21.8%, നെല്ല് 7.37% എന്നിങ്ങനെയാണ് കൃഷി വിസ്തൃതിയില്‍ മുന്നിലുള്ള ആദ്യത്തെ മൂന്നുവിളകള്‍. ഉല്പാദനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ നാമെങ്ങുമെത്തില്ല. പൂര്‍ണ്ണമായും ഒരു ഉപഭോക്തൃ സംസ്ഥാനമാണിന്ന് കേരളം. ഇവിടെ ആവശ്യമുള്ള ഭക്ഷ്യ വിഭവങ്ങളുടെ അഞ്ചിലൊന്നുപോലും നമ്മള്‍ ഉത്പാദിപ്പിക്കുന്നില്ല.
കാര്‍ഷിക മുന്നേറ്റത്തിന്റെ മൂന്നു ഘടകങ്ങള്‍
കര്‍ഷക സമൂഹത്തിന്റെ ക്ഷേമം എന്നതുകൊണ്ടുദ്ദേശിക്കുന്ന ഒന്നാമത്തെ കാര്യം കാര്‍ഷിക വരുമാനമാണ്. അതിനു പ്രതിബന്ധമാകുന്ന എല്ലാത്തിനേയും മറികടക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണം. മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നീ അടിസ്ഥാനഘടകങ്ങളാണ് കൃഷിയുടെ കരുത്ത്. ഭൂമിയില്‍ സ്വാഭാവികരീതിയില്‍ ഒരിഞ്ചുമണ്ണുണ്ടാവാന്‍ ആയിരത്തോളം വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ശാസ്ത്രീയ പഠനം. ഭാരതീയ ഋഷികളുടെ പഞ്ചഭൂത പരികല്പന ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്പിന്റേയും സമഗ്ര വികസനത്തിന്റെയും ദര്‍ശനമാണ്. അവയെ കൃഷിയിലേക്ക് പുനരാ വാഹിക്കേണ്ടതുണ്ട്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പലതരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുടെയെല്ലാം ഫലമായി മണ്ണും ജലവും വായുവും മലീമസമാക്കപ്പെടുന്നു. അവ കാര്‍ഷികവിളകളുടെ ഉല്പാദനത്തിലുയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല.
എല്ലാത്തരം ദുര്യോഗങ്ങളേയും അനിശ്ചിതത്വങ്ങളേയും നേരിട്ടാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഓരോ കൃഷിക്കാരനും ഏറ്റെടുക്കുന്ന പ്രയോഗിക വൈഷമ്യങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും പൊതു സമൂഹം അറിയേണ്ടതുണ്ട്. കര്‍ഷകനേറ്റെടുക്കുന്ന റിസ്‌കിന്റെ ഗുണമാണ് പൊതു സമൂഹം ഭക്ഷണകാര്യത്തില്‍ അനുഭവിക്കുന്നത്. അപ്പോള്‍ കര്‍ഷകന്റെ സങ്കടങ്ങളും ആവലാതികളും ഉപഭോക്താവ് അറിയേണ്ടതുണ്ട്. പരിസ്ഥിതി, കര്‍ഷകന്‍, ഉപഭോക്താവ് എന്നീ മൂന്നു സുപ്രധാന വിഭാഗങ്ങളുടെ സുസ്ഥിരതയും സമൃദ്ധിയും സംതൃപ്തിയും ഉറപ്പാക്കുന്ന കാര്‍ഷിക ദര്‍ശനമാണ് ഭാരതീയ കിസാന്‍സംഘ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിലൂടെ രാഷ്‌ട്രത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴം
44 ചെറുതും വലുതുമായ നദികളൊഴുകുന്ന കേരളത്തില്‍ കൃഷിയ്‌ക്ക് കടുത്ത ജല ദൗര്‍ലഭ്യം അനുഭവപ്പെടാറുണ്ട്. അതുപോലെ വെള്ളപ്പൊക്കത്തില്‍ കുത്തിയൊലിച്ചു പോകുന്ന ബണ്ടുകള്‍ കുട്ടനാട്ടിലേയും മറ്റും നെല്‍കര്‍ഷകര്‍ക്ക് ഭീഷണിയാണ്. കൃഷിക്കാവശ്യമായ വൈദ്യുതി ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കാനും സാധിക്കുന്നില്ല. പ്രധാനമായും 20 ഇനം മണ്ണിനങ്ങളുള്ള കേരളത്തിലെ കൃഷിയിടങ്ങളുടെ വസ്തുനിഷ്ഠവും സമഗ്രവുമായ മണ്ണു പരിശോധന കാലാകാലങ്ങളായി നടത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വിളപരിവര്‍ത്തനത്തിന്റെ മണ്ണറിവ് കേരളത്തിലെ കര്‍ഷകര്‍ക്ക് അന്യമാകുന്നു. അമിത രാസവള പ്രയോഗത്താല്‍ മണ്ണില്‍ ആവാസമുറപ്പിച്ചിരിക്കുന്ന സൂക്ഷ്മജീവികളും കര്‍ഷകമിത്ര കീടങ്ങളുമൊക്കെ അരങ്ങൊഴിഞ്ഞു. ഉര്‍വ്വരതയുടെ ഊഷ്മളതയില്‍ നിന്ന് മണ്ണ് ഊഷരതയിലേക്ക് നീങ്ങിത്തുടങ്ങി. മര്‍ത്യന്‍ എന്ന വാക്കുതന്നെ അര്‍ത്ഥമാക്കുന്നത് മണ്ണില്‍ നിന്ന് ഉണ്ടായവന്‍ എന്നാണ്. മണ്‍വാസന(ഗന്ധവതീ പൃഥ്വീ)യറിഞ്ഞ് അതില്‍ ജീവത്യാഗം ചെയ്ത് ‘അമൃതാന്നം’ സൃഷ്ടിച്ചെടുക്കുന്ന കര്‍ഷകന്‍ പുരുഷാര്‍ത്ഥപ്രദയായ തന്റെ മണ്ണിനെ പൂര്‍ണ്ണയും പുഷ്‌കലയുമായി വീണ്ടെടുക്കുകയെന്ന ഒന്നാമത്തെ കടമ നിറവേറ്റണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആഗ്രഹിക്കുന്നു. അതിനായി ഗോ ആധാരിത് ജൈവകൃഷി എന്ന ആശയം മുന്നോട്ടു വയ്‌ക്കുന്നു. ‘ഗോ കൃഷി വാണിജ്യം’എന്ന ധ്യേയവാക്യം ഇന്ന് ഭാരതീയ കാര്‍ഷിക പരിവര്‍ത്തനത്തിന്റെ മൂലമന്ത്രമായിത്തീരുകയാണ്.
നാളെ: കേരളത്തിലെ കാര്‍ഷിക ഉത്പാദന മാന്ദ്യം
(ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അദ്ധ്യക്ഷനും പ്രമുഖ കാര്‍ഷിക സംരംഭകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: