വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന താലിബാന്‍ ഭീകരരുടെ തലയ്‌ക്ക് വിലയിട്ടിരുന്ന നടപടി അമേരിക്ക പിന്‍വലിച്ചു. യുഎസ്, ഭാരത എംബസികളില്‍ ആക്രമണം നടത്തിയ ഹഖാനി നേതാക്കളെപ്പറ്റി വിവരം നല്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികമാണ് പിന്‍വലിച്ചത്.
അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായുള്ള ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് യുഎസിന്റെ നടപടി. താലിബാന്‍ മന്ത്രി സിറാജുദ്ദീന്‍ ഹഖാനി അടക്കമുള്ളവര്‍ക്ക് എതിരായ നോട്ടീസാണ് അമേരിക്ക പിന്‍വലിച്ചത്. സിറാജുദ്ദീന്‍ ഹഖാനിയെക്കുറിച്ച് വിവരം നല്കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളറായിരുന്നു അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
താലിബാന്‍ 2022ല്‍ തടവിലാക്കിയ അമേരിക്കന്‍ വിനോദസഞ്ചാരിയുടെ മോചനം ഉറപ്പാക്കുന്നതിനായാണ് കാബൂളില്‍ താലിബാന്‍ ഭരണകൂടവുമായി യുഎസ് പ്രതിനിധി ചര്‍ച്ച നടത്തിയത്. സിറാജുദ്ദീന്‍ ഹഖാനി, സഹോദരന്‍ അബ്ദുള്‍ അസീസ് ഹഖാനി, ഭാര്യാസഹോദരന്‍ യഹ്യ ഹഖാനി എന്നിവരടക്കമുള്ള ഭീകരര്‍ക്ക് തലയ്‌ക്ക് വിലയിട്ടിരുന്ന നടപടി പിന്‍വലിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: