പാലക്കാട്: വേതന വര്‍ദ്ധനയ്ക്കായി പൊരുതുകയും 45 ദിവസമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം നടത്തുകയും ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ഒരുകൈ സഹായവുമായി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ. ആശമാര്‍ക്കു മാസം 1000 രൂപ വീതം അധികമായി നല്കാന് നഗരസഭ തീരുമാനിച്ചു. ബജറ്റിലാണ് പ്രഖ്യാപനമെന്നതിനാല്‍ നടപ്പാക്കുമെന്നുറപ്പായി. വെറും 3000 രൂപ വര്‍ധിപ്പിച്ച് വേതനം 10,000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുമ്പോഴാണ്, ഒരു നഗരസഭ തങ്ങളുടെ പരിധിയിലുള്ള 52 ആശാപ്രവര്‍ത്തകര്‍ക്കു മാസം 1000 രൂപ വീതം വര്‍ഷം 12,000 രൂപ നല്കാന് തീരുമാനിച്ചത്. നഗരസഭ വൈസ് ചെയര്മാന് അഡ്വ. ഇ. കൃഷ്ണദാസാണ് ഇന്നലെ നഗരസഭാ ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപനം നടത്തിയത്. കൗണ്‍സില്‍ ഏകകണ്ഠേന ഇതു സ്വാഗതം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനമായതിനാല്‍ ഇതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി ലഭിക്കണം. സര്‍ക്കാര്‍ അനുമതി നല്കിയാല് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ (അടുത്ത മാസം) ആശാപ്രവര്‍ത്തകര്‍ക്ക് നഗരസഭ പ്രഖ്യാപിച്ച 1000 രൂപ അധികം നല്കിത്തുടങ്ങും.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നിവയുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ അനിശ്ചിതകാല സമരം 45 ദിവസം പിന്നിടുമ്പോഴും അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ഇടതുസര്‍ക്കാര്‍. മാത്രമല്ല സമരക്കാരെ കിട്ടുന്ന അവസരങ്ങളിലെല്ലാം സര്‍ക്കാരും മന്ത്രിമാരും സിപിഎമ്മുകാരും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നുമുണ്ട്.
അത്തരം സാഹചര്യത്തിലാണ് ബിജെപി ഭരിക്കുന്ന നഗരസഭ ആശമാരെ ചേര്‍ത്തുപിടിച്ചത്. 52 ആശമാര്‍ക്ക് അധിക ധനസഹായമായി വര്‍ഷം 6,24,000 രൂപയാണ് നഗരസഭ ചെലവിടുക. ബിജെപി ഭരിക്കുന്ന നഗരസഭയ്ക്കുള്ള വിവിധ ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി വെട്ടിക്കുറച്ചിട്ടുണ്ട്. അതൊന്നും ഗൗനിക്കാതെയാണ് 1000 രൂപ വീതം ആശമാര്‍ക്ക് ശമ്പള വര്‍ധന.
ആശാപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടു കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും നഗരസഭാ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കും ഏറെ വലുതാണെന്നും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും വൈസ് ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: