ഗാസ: ഹമാസിനെതിരെ യുദ്ധം തുടരുന്നതിനിടെ, ഇസ്രയേൽ ഗാസയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. ഗാസയിലെ സെയ്തൂൻ, ടെൽ അൽ ഹവ എന്നിവിടങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. വെടിനിർത്തൽ അവസാനിപ്പിച്ച് ആക്രമണം പുനരാരംഭിച്ചതിന് ശേഷം മാത്രം 1.42 ലക്ഷം പലസ്തീനികളെ ഗാസയുടെ വിവിധ മേഖലകളിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു.
ബന്ദികളെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. പൂർണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചു എന്നാണ് നെതന്യാഹു പറഞ്ഞത്.അതേസമയം, ഹമാസ് ഗാസ വിട്ടു പോകണമെന്നാവശ്യപ്പെട്ട് പലസ്തീനികൾ തെരുവിലിറങ്ങി. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് ഗാസ വിട്ട് പോകണമെന്നാണ് ഗാസയിലെ പലസ്തീനികളുടെ ആവശ്യം.
വടക്കൻ ഗാസയുടെ ബെയ്‌ത്ത് ലഹിയ മേഖലയിലാണ് ജനം ഹമാസിനെതിരെ തെരുവിലിറങ്ങിയത്. നൂറുകണക്കിന് ആളുകളാണ് ഹമാസിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത്.ഇസ്രായേലുമായുള്ള യുദ്ധത്തിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഹമാസ് ഗാസ വിട്ട് പോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീനികളുടെ പ്രതിഷേധം.
‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികൾ ഉയർത്തി.അതിനിടെ, മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകൾ പ്രതിഷേധക്കാർക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: