ഡെറാഡൂൺ : ദേവഭൂമി ഉത്തരാഖണ്ഡിൽ ഇന്നലെ 15 അനധികൃത മദ്രസകൾ കൂടി പൂട്ടി സീൽ ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്യാത്ത 159 മദ്രസകൾ സീൽ ചെയ്തിട്ടുണ്ട്. ഇന്നലെ ഹരിദ്വാർ ജില്ലയിലെ സനാതൻ നഗരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ വിവിധ സംഘങ്ങളും കനത്ത പോലീസ് സേനയും ചേർന്ന് രജിസ്റ്റർ ചെയ്യാത്ത 13 മദ്രസകൾക്കെതിരെ നടപടിയെടുക്കുകയും അവ പൂട്ടി സീൽ ചെയ്യുകയും ചെയ്തു.
സീൽ ചെയ്ത എല്ലാ അനധികൃത മദ്രസകളിലും പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയതായി സബ് ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് സിംഗ് പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചോദിച്ച് അവർക്ക് നോട്ടീസുകളും നൽകി. അതേ സമയം മദ്രസ വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മദ്രസകൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസം നൽകാൻ അനുമതിയില്ലാത്ത മദ്രസകൾ മാത്രമാണ് പൂട്ടി സീൽ ചെയ്തിരിക്കുന്നത്. ഉധം സിംഗ് നഗറിലെ ബാജ്പൂർ പ്രദേശത്തെ രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഒരു മദ്രസ പൂട്ടി സീൽ ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതുപോലെ, അൽമോറ ജില്ലയിലെ ഭിക്കിയാസൈൻ പട്ടണത്തിൽ ഒരു അനധികൃത മദ്രസ സീൽ ചെയ്തു.
അതേ സമയം നിയമവിരുദ്ധ മദ്രസകൾക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് വാദം കേൾക്കാനിരിക്കുകയാണ് ഹൈക്കോടതി. എന്നാൽ രജിസ്റ്റർ ചെയ്യാത്ത മദ്രസകൾക്കെതിരെ മാത്രമാണ് പൂട്ടി സീൽ ചെയ്യുന്ന നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സർക്കാർ പറഞ്ഞു.
കൂടാതെ അവിടെ പഠിക്കുന്ന കുട്ടികൾക്ക് ഇപ്പോൾ അവധിയാണെന്നും ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനായി ഈ കുട്ടികളെ രജിസ്റ്റർ ചെയ്ത മദ്രസകളിലേക്കോ പ്രൈമറി സ്കൂളുകളിലേക്കോ മാറ്റുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: