രാഷ്‌ട്രത്തെ നയിച്ച മഹാത്മജിയുടെ മുളവടിയുടെ മുന്നില്‍ ഒരു കുട്ടിയും പിന്നില്‍ ഗാന്ധിജിയും നടന്നുപോകുന്ന സാരവത്തായ ഒരു ചിത്രം സബര്‍മതി ആശ്രമത്തില്‍ കണ്ടതോര്‍ക്കുന്നു. (ദണ്ഡിയാത്രയില്‍ മഹാത്മാവിന്റെ ചിഹ്നമായി മാറിയ ആ വടി നല്‍കിയത് കവി മഞ്ചേശ്വരം ഗോവിന്ദ പൈയായിരുന്നുവെന്നത് ഇന്നധികം പേര്‍ക്കും അറിവില്ല.) ഈ ചിത്രം ഇപ്പോള്‍ വീണ്ടും പ്രസക്തമാവുകയാണ്. കുട്ടികളെ നേര്‍വഴി നടത്തേണ്ട രക്ഷിതാക്കളും അദ്ധ്യാപകരും പ്രിയം പറയുന്നവരും ‘ഫെലിസിറ്റേറ്റര്‍’ എന്ന നോക്കുകുത്തികളായി ഇന്ന് മാറിയിരിക്കുകയാണ്. ഇതിന്റെ ഫലമായി സമൂഹത്തിലെ അഴിഞ്ഞാട്ടങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും എതിരെ കോടതി വടിയെടുക്കേണ്ടിവരുന്നു. അദ്ധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ഉചിതമായ ശിക്ഷ വാങ്ങാനിടയാകാത്ത കുട്ടികള്‍ സമൂഹമധ്യത്തില്‍ പലിശസഹിതം ശിക്ഷ ഏറ്റുവാങ്ങേണ്ടിവരാറുണ്ട്. പഠനം പാല്‍പായസമല്ലെന്ന് കുട്ടികള്‍ വൈകി തിരിച്ചറിഞ്ഞെന്നും വരും.
ലോക കഥപറച്ചില്‍ ദിനത്തില്‍ പാലക്കാട് പാടൂര്‍ എഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി നക്ഷത്ര കൂട്ടുകാര്‍ക്ക് മുന്നില്‍ പറഞ്ഞ കഥയാണിപ്പോള്‍ ചിന്താവിഷയമായത്. കാക്കയോട് മുയല്‍ മാമ്പഴം കൊത്തിയിടാന്‍ ആവശ്യപ്പെടുന്നു. കാക്ക കൊത്തിയിട്ട മാമ്പഴം ഒരു മുള്ളന്‍പന്നിയുടെ മേലാണ് വീണത്. മാമ്പഴത്തിന്റെ അവകാശ തര്‍ക്കത്തില്‍ കാക്കയും മുയലും മുള്ളന്‍പന്നിയും ഏര്‍പ്പെട്ടു. ഇതുകണ്ട് അതുവഴി വന്ന മുത്തശ്ശി പ്രശ്‌നം പരിഹരിച്ചു. മാമ്പഴം പൂളി മൂന്നുപേര്‍ക്കും വീതിച്ചുകൊടുത്തു. കളിയല്ല കാര്യമാണ് കഥയെന്നാണ് പഞ്ചതന്ത്രം മുതലിങ്ങോട്ടുള്ള മഹാകഥകളെല്ലാം പറയുന്നത്. മഹാഭാരത കഥ പോലും നാടുനീളെ പറഞ്ഞുനടന്നത് സൂതന്മാരായിരുന്നു. ശ്രീരാമന് മുന്നില്‍ രാമായണകഥ ലവകുശന്മാരെക്കൊണ്ട് വാല്മീകി പാടിപ്പറയിക്കുന്നുണ്ടല്ലോ?
കഥയില്ലായ്മയുടെ വല്ലാത്തൊരു കാലത്തിലൂടെ നാം ഇന്ന് കടന്നുപോകുന്നു. വായന ലഹരിയാകുന്നതിന് പകരം ലഹരിമരുന്നാണ് യുവത്വത്തെ കീഴടക്കുന്നത്. ലഹരിയുടെ പിടിയിലായി കുറ്റവാസനയിലേക്ക് വഴുതിയ സ്വന്തം മകനെ ഒരമ്മയ്‌ക്ക് പോലീസിലേല്‍പ്പിക്കേണ്ടിവന്നു. മൊബൈല്‍ ഫോണും നവമാധ്യമങ്ങളും മറ്റൊരിനം ലഹരിയായി പരക്കുന്നു.
തിരുവനന്തപുരത്തെ ട്രഷറിക്ക് സമീപത്ത് പണ്ടുണ്ടായിരുന്ന ഒരു ചായക്കടയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അവിടെനിന്ന് ഒരു ചായ കുടിച്ചാല്‍ പിറ്റേന്ന് ആ സമയമാകുമ്പോള്‍ വീണ്ടും അവിടെ വന്ന് അതേ ചായ കുടിക്കാന്‍ തോന്നും. ദൂരെ നിന്നുപോലും ഒരു ചായക്കായി ആളുകള്‍ അവിടെ വരുമായിരുന്നു. ദിവസവും രാവിലെ ചായയടിക്കുന്ന പൂഞ്ചിയുടെ അരികില്‍ ഒരിത്തിരി കറുപ്പ് പതിപ്പിച്ചുവയ്‌ക്കും. അതങ്ങിനെ മെല്ലെ കലര്‍ന്ന് ചായയെ പ്രിയങ്കരമാക്കും! ഇന്നിപ്പോള്‍ പല നിറത്തിലും വീര്യത്തിലുമുള്ള പാനീയങ്ങളില്‍ തീക്ഷ്ണതയുള്ള ലഹരി കലര്‍ത്തുന്നുവെന്ന് പറയുന്നു. ചില കടകളിലെ ജൂസ് ഒരിക്കല്‍ രുചിച്ചാല്‍ മതി പിന്നെയതിന് അടിപ്പെട്ടുപോകുമത്രെ.
ഗുണ്ടകള്‍ക്കും കൊലപാതകികള്‍ക്കും സ്വര്‍ണ്ണക്കടത്തുകാര്‍ക്കും ലഹരിമാഫിയക്കും കുടപിടിക്കാന്‍ അധികാരികളും കക്ഷിരാഷ്‌ട്രീയവും മത്‌സരിക്കുന്നു. വെയിലത്തും മഴയത്തും കഴിയുന്ന ആശമാര്‍ക്ക് ആശ തളിര്‍ക്കുന്നതേയില്ല. നിയമം വന്നിട്ടും സമൂഹം നിശിതമായി പരിഹസിച്ചിട്ടും നോക്കുകൂലി തഴച്ചുവളരുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ ഉടുക്കുതൊഴുത്തിലൂടെയേ എന്തും നേടാനാവൂ എന്ന് വിദ്യാര്‍ത്ഥികളും കണ്ടറിയുന്നു. ഇടിമുറികളും ആയുധപ്പുരകളും ലഹരി ഇടങ്ങളും കലാലയങ്ങളുടെ കൊടിയടയാളമായി മാറുന്നു.
ഈ മഹാന്ധകാരത്തെ ചെറുക്കാന്‍ ഒരു മണ്‍ചെരാതിനു കഴിയുമോ? ടാഗോറിന്റെ കവിതയില്‍ സൂര്യന്‍ ചോദിച്ചു. ഞാന്‍ അസ്തമിക്കാന്‍ പോകുന്നു. ആര് ഈ ലോകത്തിന് വെളിച്ചമാകും? എല്ലാവരും മൗനം ഭജിക്കവേ ഒരു മണ്‍ചെരാത് സധൈര്യം പറഞ്ഞു. ഞാനുണ്ടിവിടെ. അങ്ങ് ധൈര്യമായി പോകൂ. എന്റെ ചുറ്റുമുള്ള ഇരുട്ടിനെ ഞാന്‍ നേരിട്ടുകൊള്ളാം. സല്‍ക്കഥകള്‍ പറഞ്ഞ് പ്രകാശം പരത്താന്‍ ശ്രമിച്ച മൂന്നാം ക്ലാസുകാരി നക്ഷത്ര ഒരു പ്രത്യാശയാണ്. കുട്ടികളെ കഥ പറഞ്ഞുറക്കിയ മുത്തശ്ശിക്കാലം പോയ്മറഞ്ഞു. കുട്ടികള്‍ കഥ പറഞ്ഞ് സമൂഹത്തെ ഉണര്‍ത്തേണ്ടുന്ന കാലം വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: