തിരുവനന്തപുരം: ശബരിമലയില്‍ മമ്മൂട്ടിക്കായി മോഹന്‍ലാല്‍ നടത്തിയ ഉഷപൂജാ വഴിപാട് വിവരം പുറത്തുവിട്ടത് തങ്ങള്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ്. ദേവസ്വം ഉദ്യോഗസ്ഥരാരോ ആണ് രസീത് പുറത്തുവിട്ടതെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബോര്‍ഡ്. മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയില്‍ നിന്നാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരല്ല വഴിപാട് രസീത് പരസ്യപ്പെടുത്തിയത്.
വഴിപാട് നടത്തിയ ഭക്തന് നല്കിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടര്‍ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആള്‍ക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ബോര്‍ഡ് പത്രക്കുറിപ്പില്‍ പറഞ്ഞു.
പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ വഴിപാടിനെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടി സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്‌നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ സാധാരണം. ആശങ്കപ്പെടാനൊന്നുമില്ല. മോഹന്‍ലാല്‍ പറഞ്ഞു.
മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തിനല്കിയത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: