ബെംഗളൂരു: സ്വര്‍ണം വാങ്ങുന്നതിനായി ഹവാല പണം ഉപയോഗിച്ചെന്ന് കന്നഡ നടി രണ്യ റാവു സമ്മതിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) കോടതിയെ അറിയിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ 14 കിലോ സ്വര്‍ണം കടത്തുന്നതിനിടെയാണ് രണ്യ റാവു അറസ്റ്റിലായത്.
രണ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡിആര്‍ഐക്കായി ഹാജരായ അഭിഭാഷകന് മധു റാവുവാണ് കുറ്റസമ്മതത്തിന്റെ കാര്യം അറിയിച്ചത്. കീഴ്ക്കോടതിയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയും നേരത്തേ രണ്യയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും വിശധമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. നിരന്തരമായ അന്താരാഷ്ട്ര യാത്രകള്‍, സംശയകരമായ പണമിടപാടുകള്‍, ഹവാല ബന്ധം എന്നിവയെല്ലാം വിശദമായി പരിശോധിച്ചിരുന്നു. രണ്യയുടെ വളര്‍ത്തച്ഛനായ കര്‍ണാടക ഡിജിപി രാമചന്ദ്ര റാവുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
2023നും 2025നും ഇടയില്‍ 52 തവണ രണ്യ ദുബായ് യാത്ര നടത്തിയെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ഇതില്‍ 45 എണ്ണം ഒറ്റ ദിവസത്തേക്ക് മാത്രം നടത്തിയ യാത്രകളാണ്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബെംഗളൂരു, ഗോവ, മുംബൈ വഴി 27 സന്ദര്‍ശനങ്ങളാണ് നടത്തിയത്.
രണ്യയും കേസില്‍ അറസ്റ്റിലായ സുഹൃത്ത് തരുണ്‍ രാജുവും ദുബായ്യിലേക്ക് 26 യാത്രകള്‍ നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന് ഡിആര്‍ഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തുന്നതായിരുന്നു ഇവരുടെ യാത്രകള്‍. ഇതും സംശയം ഉണ്ടാക്കുന്നതാണ്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി, 2023ല്‍ ദുബായില്‍ വീര ഡയമണ്ട്സ് ട്രേഡിങ് എന്ന സ്ഥാപനം രന്യ രജിസ്റ്റര്‍ ചെയ്തുവെന്ന ആരോപണവും പുറത്തുവന്നിരുന്നു. നടനും ബിസിനസുകാരനുമായ തരുണ്‍ രാജുവാണ് ഇതിലെ പങ്കാളിയെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ ബെംഗളൂരുവില്‍ ബയോ എന്ഹോ ഇന്ത്യ എന്ന സ്ഥാപനവും ഇവര്‍ സ്ഥാപിച്ചു. പിന്നീട് ഇതിനെ സിറോഡ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചത് ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംശയമുണ്ടാക്കുന്നതാണ്.
രണ്യയുടെ അക്കൗണ്ടുകളിലേക്കു വന്ന പണം പിന്നീട് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അജ്ഞാത സ്രോതസ്സുകളിലേക്ക് വഴിതിരിച്ചുവിട്ടെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ സാമ്പത്തിക രേഖകള്‍ പരിശോധിച്ചുവരികയാണ്. നിയമവിരുദ്ധമായി ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ നിയമാനുസൃതമാക്കാന്‍ രണ്യയുടെ ബിസിനസ് സംരംഭങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: