ന്യൂദല്‍ഹി: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ റിട്ട. സബ് ഇന്‍സ്പെക്ടറെ പട്ടാപ്പകല്‍ നാലംഗ സംഘം കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇദ്ദേഹം നല്കിയ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പ്രദേശത്തെ വഖഫ് ഭൂമി കൈയേറ്റത്തിനെതിരായ കേസില്‍ ഇദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ കേസെടുത്തത്.
വാര്‍ത്തയുടെ ഉള്ളടക്കം ശരിയാണെങ്കില്‍, മരണപ്പെട്ട വ്യക്തി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നേരിട്ടതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ഈ വിഷയത്തില്‍ നാലാഴ്ചയ്‌ക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് പോലീസ് ഡയറക്ടര്‍ ജനറലിനും തിരുനെല്‍വേലി ജില്ലാ കളക്ടര്‍ക്കും കമ്മിഷന്‍ നോട്ടീസ് അയച്ചു. റിട്ട. സബ് ഇന്‍സ്പെക്ടറായ സാക്കിര്‍ ഹുസൈന്‍ ബിജ്ലി ആണ് കൊല്ലപ്പെട്ടത്. തൗഫീഖ്, നൂറുന്നീസ എന്നിവര്‍ക്കെതിരെയാണ് സാക്കിറിന്റെ കുടുംബത്തിന്റെ പരാതി.
2024 ഡിസം. 9ന് തനിക്കുനേരെ ഉയര്‍ന്ന വധഭീഷണിയെക്കുറിച്ച് സാക്കിര്‍ പോലീസില്‍ പരാതി നല്കിയതായും സിസിടിവി തെളിവുകള്‍ ഉണ്ടായിരുന്നിട്ടും കേസില്‍ ഒരന്വേഷണവും നടത്തിയിട്ടില്ലെന്നുമാണ് ആരോപണം. സാക്കിറിന്റെ കുടുംബവും ഈ ആരോപണം ശരിവയ്‌ക്കുന്നു. തൂത്തുക്കുടി ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തിലും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ചില ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഈ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് വലിച്ചിറക്കി ഇടതുകൈയിലെ വിരലുകള്‍ മുറിച്ചുമാറ്റിയെന്നാണ് പരാതി.
തടയാന്‍ ശ്രമിച്ച ഇരയുടെ അച്ഛനെയും ആക്രമിച്ചു. വിഷയത്തില്‍ നാലാഴ്ചയ്‌ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഡയറക്ടര്‍ ജനറലിനും തൂത്തുക്കുടി ജില്ലാ കളക്ടര്‍ക്കും കമ്മിഷന്‍ നോട്ടീസ് അയച്ചു. 2025 മാര്‍ച്ച് 12നാണ് അക്രമം നടന്നത്. തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ കുട്ടിയുടെ വിരലുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: