തിരുവനന്തപുരം: സിപിഎമ്മിന്റെ മുന്‍എംപി സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. താന്‍ ഇതിന് മുന്‍പ് ഹിന്ദു പരിവാര്‍ സംഘടനയുടെ ഭാഗമായിരുന്നില്ലെന്നും സംഘടന തന്നെ ജില്ലാ ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും കസ്തൂരി പറഞ്ഞു. കഴിഞ്ഞ കാല കമ്മ്യൂണിസ്റ്റ് നേതാവായ സഖാവ് അനിരുദ്ധന്റെ മകന്‍ കൂടിയാണ് കസ്തൂരി.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്ന് സിപിഎം ഉണ്ടായപ്പോള്‍ അതിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു അച്ഛനായിരുന്ന സഖാവ് അനിരുദ്ധന്‍ എന്ന് കസ്തൂരി പറയുന്നു.. അന്ന് സിപിഎം വളര്‍ത്താന്‍ ജീവന്‍ പണയപ്പെടുത്തി ഇഎംഎസിന്റെ യോഗങ്ങള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വ്യക്തിയാണ് അനിരുദ്ധന്‍. 2000ല്‍ അമ്മയ്‌ക്ക് ഹൃദ്രോഹം വന്നപ്പോഴാണ് മുംബൈയില്‍ ജോലി ചെയ്തിരുന്ന കസ്തൂരി തിരുവനന്തപുരത്തേക്ക് വന്ന് സ്ഥിരതാമസമാക്കിയത്. വിപ്രോയുടെ ലൈറ്റിംഗ് ഡിവിഷനില്‍ പ്രൊഡക്ട് മാനേജരായി ഇരിക്കുമ്പോഴാണ് രോഗബാധിതയായ അമ്മയെ നോക്കാന്‍ ആ ജോലി വിട്ട് നാട്ടില്‍ വന്നത്. വയസ്സാവുമ്പോള്‍ അച്ഛനെയും അമ്മയെയും നോക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അതിനാണ് താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോംബെ ഐഐടിയില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ പഠിച്ച വ്യക്തിയാണ്.കസ്തൂരി. അവിടെ ഒന്നാം റാങ്കോടെ പാസായി. അവിടെ വെച്ചാണ് ദൈവത്തിന്റെ മഹത്വം എന്താണെന്ന് അറിഞ്ഞത്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നത് സൃഷ്ടിപരമായ ജോലിയാണ്. ഒരു സൃഷ്ടി മനുഷ്യന്റെ ഉള്ളില്‍ നിന്നും പിറക്കണമെങ്കില്‍ ദൈവത്തില്‍ നമ്മുടെ മനസ്സ് പൂര്‍ണ്ണമായും സമര്‍പ്പിച്ചാല്‍ മാത്രമേ അത് പിറക്കൂ. അത് താന്‍ ബോംബെ ഐഐടിയില്‍ വെച്ച് നേരിട്ട് മനസ്സിലാക്കിയെന്നും കസ്തൂരി പറയുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ പഠിക്കുമ്പോള്‍ ദൈവാനുഗ്രഹം എന്തെന്ന് അനുഭവിച്ചറിഞ്ഞുവെന്ന് കഴിഞ്ഞ കാല കമ്മ്യൂണിസ്റ്റിന്റെ മകനായ കസ്തൂരി പറയുന്നു.
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ജോലിയുടെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ടെന്നും ജീവിതം നേരിട്ടറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സാധാരണ മനുഷ്യന്‍ എന്ന നിലയിലാണ് മുംബൈയില്‍ ജീവിച്ചത്. അധ്യാപകരെ കണ്ടാല്‍ മുണ്ടഴിച്ചിടണമെന്നും ബഹുമാനിക്കണമെന്നും കടുത്ത കമ്മ്യൂണിസ്റ്റായിരുന്ന അച്ഛന്‍ അനിരുദ്ധന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അനിരുദ്ധ് പറയുന്നു.
തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഒരു ഗോശാല പണിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താനും ഭാര്യയും ദിവസങ്ങളോളം നിന്നാണ് ഗോശാല പണിയുന്നത്. ഇതോടെയാണ് ഹൈന്ദവ സംഘടനകള്‍ തന്റെ ശ്രദ്ധിക്കുന്നത്.
തിരുവനന്തപുരത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കം ഇല്ലാതാക്കണമെന്നത് ലക്ഷ്യമാണ്. ഈ വെള്ളപ്പൊക്കത്തിന് കാരണം വെള്ളം നഗരത്തില്‍ നിന്നും കടലിലേക്ക് ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പലരും മാലിന്യം കൊണ്ടിടുന്നതാണെന്ന് കസ്തൂരി പറയുന്നു. എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇതിന് പരിഹാരം കാണണം എന്നത് തന്റെ സ്വപ്നമാണ്. ഇതിന് ഹിന്ദു ഐക്യവേദി മുഴുവന്‍ പിന്തുണയും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ മാനസികപ്പൊരുത്തമാണ് ഹിന്ദു ഐക്യവേദിയുടെ ജില്ലാ ഭാരവാഹിത്വം ഏറ്റെടുക്കണമെന്ന് പറഞ്ഞപ്പോള്‍ അത് ഏറ്റെടുക്കാന്‍ കാരണമായതെന്നും കസ്തൂരി പറഞ്ഞു.
ഇ-ടോയ് ലറ്റ് എന്ന പ്രോഡക്ട് ഡിസൈന്‍ ചെയ്തത് താനാണെന്നും കസ്തൂരി പറയുന്നു. അത് മിലിന്‍റ ബില്‍ ഗേറ്റ്സിന്റെ സാമൂഹ്യവികസനപദ്ധതിയുടെ ഭാഗമായി വന്ന ഒരു പദ്ധതിയാണ്. ഒരു തപസ്സായി എടുത്ത് രാപ്പകലില്ലാതെ ജോലി ചെയ്ത് ഇ ടോയ്ലറ്റ് ഡിസൈനും പ്രോട്ടോടൈപ്പും ഉണ്ടാക്കി. തിരുവനന്തപുരം നഗരത്തില്‍ പൊതു സ്ഥലങ്ങളില്‍ ചെറിയ ഒരു സ്ഥലമുണ്ടെങ്കില്‍ അവിടെ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഇ-ടോയ്ലറ്റ് ഡിസൈന്‍ ചെയ്തത്. പക്ഷെ കൃത്യമായി കേരളത്തിലെ സര്‍ക്കാര്‍ അത് നടപ്പിലാക്കാത്തത് കൊണ്ട് പരാജയപ്പെട്ടു. ഈ പദ്ധതിയിലും ഹിന്ദു ഐക്യവേദിക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1999ല്‍ ചിറയിന്‍ കീഴില്‍ നിന്നും 2009ലും 2014ലും ആറ്റിങ്ങള്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട ജ്യേഷ്ഠന്‍ എ സമ്പത്ത് 2019ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനോട് തോറ്റു. രണ്ട് രാഷ്‌ട്രീയ ധ്രുവങ്ങളിലേക്ക് പോകുമ്പോഴും ജ്യേഷ്ഠന്‍ സമ്പത്തും അനുജന്‍ കസ്തൂരിയും അടുത്തടുത്താണ് വീട് വെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: