News

യൂനുസിനെതിരെ ബംഗ്ലാദേശ് സൈന്യം? ഹസീനയുടെ അവാമി ലീഗിനെ തിരികെകൊണ്ടുവരാനുള്ള പദ്ധതിയോ…

Published by

ധാക്ക: ബംഗ്ലാദേശ് സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസിനെ സൈന്യം നീക്കം ചെയ്ത് നിയന്ത്രണം ഏറ്റെടുക്കാന്‍ സാധ്യതുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. കഴിഞ്ഞ ആഗസ്തില്‍ മുഹമ്മദ് യൂനുസ് അധികാരമേറ്റശേഷം ബംഗ്ലാദേശ് ജനതയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസം വര്‍ദ്ധിച്ചുവരുന്നതാണ് സൈന്യം യൂനുസിനെതിരെ തിരിയാന്‍ കാരണം. കരസേനയുടെ ഒന്‍പതാം ഡിവിഷന്‍ ധാക്ക ലക്ഷ്യമാക്കി പതിയെ നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
യൂനുസിനെ ചൊല്ലി ബംഗ്ലാദേശ് സൈനിക വിഭാഗങ്ങള്‍ക്കിയില്‍ വിഭജനം ശക്തമാണെന്നാണ് വിവരം. ബംഗ്ലാദേശ് സൈനിക വിഭാഗങ്ങളില്‍ രാഷ്‌ട്രീയ സഖ്യങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന്് ഇന്ത്യന്‍ രഹസ്യാന്വേഷണകേന്ദ്രങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട് . സൈനിക മേധാവി ജനറല്‍ വാക്കര്‍ഉസ്‌സമാന്റെ നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച അടിയന്തര യോഗം ചേര്‍ന്നത് വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധാന നീക്കങ്ങളുടെ സൂചനയാണ്.
ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസം കണക്കിലെടുത്ത് സ്ഥിരത പുനഃസ്ഥാപിക്കുന്നതില്‍ സൈന്യത്തിന്റെ പങ്കിനെ കുറിച്ചാണ് യോഗത്തിലെ ചര്‍ച്ചകള്‍ എന്നും വൃത്തങ്ങള്‍ പറഞ്ഞു. അഞ്ച് ലെഫ്റ്റനന്റ് ജനറല്‍മാര്‍, എട്ട് മേജര്‍ ജനറല്‍മാര്‍, ബ്രിഗേഡുകളുടെ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വാര്‍ത്താ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. യൂനുസിനെതിരെ അട്ടിമറി നടത്താനോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ സൈന്യം പ്രസിഡന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന വാര്‍ത്തകളും ശക്തമായിട്ടുണ്ട്.
ഹസീനയുടെ അവാമി ലീഗിനെ തിരികെകൊണ്ടുവരാനുള്ള സാധ്യതകള്‍ സൈന്യം പരിഗണിക്കും. അല്ലാത്തപക്ഷം ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതയും സൈന്യം പരിശോധിക്കുന്നുണ്ട്. എന്നാല്‍ യൂനുസിനെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി നേതാക്കളും സൈന്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഏതു വിധേനയും അധികാരത്തില്‍ തുടരാന്‍ ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് യൂനുസ്. ധാക്കയിലുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശ് സൈന്യം ഇടപെടലുകള്‍ ശക്തമാക്കിയത് യൂനുസ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ സംയുക്ത സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കുകയും അതിര്‍ത്തി മേഖലകളിലും നഗര പ്രദേശങ്ങളിലും ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by