പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ചെന്താമരയ്ക്ക് യാതൊരുവിധ മാനസിക രോഗങ്ങളുമില്ലെന്നും കുറ്റകൃത്യം ചെയ്തത് ചെന്താമരയാണെന്ന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു. 480 പേജുള്ള കുറ്റപത്രമാണ് ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മുപ്പതിലധികം ശാസ്ത്രീയ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദൃക്സാക്ഷിയും 132 സാക്ഷികളും കേസിലുണ്ട്. സുധാകരന്റെ അമ്മ ലക്ഷ്മിയെ പ്രതിയായ ചെന്താമര കൊന്നതു കണ്ട ഗിരീഷ് എന്നയാളാണ് ദൃക്സാക്ഷി. വ്യക്തിവിരോധം മൂലമാണ് കൊല നടത്തിയതെന്നും വെട്ടുകത്തിയില്‍ നിന്ന് ചെന്താമരയുടെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചതായും കുറ്റപത്രത്തിലുണ്ട്. ചെന്താമരയുടെ വസ്ത്രത്തില്‍ നിന്ന് കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടേയും രക്തവും ലഭിച്ചിട്ടുണ്ട്. ജനുവരി 27ന് രാവിലെയാണ് നെന്മാറയിലെ ഇരട്ടക്കൊലപാതകം. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയില്‍ ശിക്ഷ അനുഭവിക്കവേയാണ് ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്നത്. ചെന്താമരയുടെ ഭാര്യ ഉപേക്ഷിച്ചുപോകാന്‍ കാരണം സജിതയും കുടുംബവുമാണെന്ന കാരണം പറഞ്ഞായിരുന്നു ചെന്താമരയുടെ കൊലപാതകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: