കൊച്ചി : ശബരിമലയിൽ വഴിപാട് കഴിപ്പിച്ചതിന്റെ പേരിൽ മമ്മൂട്ടി മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മാധ്യമം ദിനപത്രം മുൻ എഡിറ്റും മത പ്രഭാഷകനുമായ ഒ അബ്ദുള്ള ഒടുവിൽ പോസ്റ്റ് മുക്കി . കഴിഞ്ഞ ദിവസമാണ് വിവാദ പ്രസ്താവനയുമായി അബ്ദുള്ള രംഗത്തെത്തിയത് . അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മൂട്ടിയുടെ സമ്മതത്തോടെയാണ് വഴിപാട് നടന്നതെങ്കിൽ സമുദായത്തോട് മാപ്പുപറയണം എന്നൊക്കെയായിരുന്നു അബ്ദുള്ളയുടെ ആവശ്യം.
മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹൻലാൽ അത് ചെയ്തതെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം.മമ്മൂട്ടി പറഞ്ഞ് എൽപ്പിച്ചാണ് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ് കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകൾ അർപ്പിക്കാൻ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാർത്ഥിക്കാൻ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാൻ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് നടന്നത്.
പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തിൽ പങ്കുചേർക്കാനോ, അതിന് വിരുദ്ധമായത് പ്രവർത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയിൽനിന്ന് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കിൽ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാൻ മാസത്തിൽ, അത് ഒരിക്കലും അനുവദിക്കാൻ പാടില്ല. മുസ്ലീം മതപണ്ഡിതൻമാർ ഇക്കാര്യത്തിൽ ഇടപെടണം – എന്നായിരുന്നു അബ്ദുള്ള പറഞ്ഞത്.
ഇതിനെതിരെ മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയും ആരാധകർ ജാതിമത വ്യത്യാസമില്ലാതെ രംഗത്തെത്തി. ഒരു സുഹൃത്തിന് വേണ്ടി പ്രാർത്ഥിക്കാൻ മതം നോക്കണോ , ഇവനൊക്കെയാണ് ചാനലുകളിൽ വന്നിരുന്ന് മറ്റുള്ളവർക്ക് മതേതര ക്ലാസ്സ് എടുക്കുന്നത് . അദ്ദേഹം വയ്യാതെ ഇരിക്കുമ്പോൾ വേണ്ടപെട്ട ആൾക്കാർ ഇതുപോലെ പല വഴിപാടുകളും നടത്തും. അതിൽ മതമോ, ജാതിയോ ഇല്ല , താങ്കൾക്കിനി വിശ്രമമാണ് ഉചിതം തുടങ്ങി നിരവധി കമന്റുകൾ വന്നിരുന്നു. മാത്രമല്ല മുസ്ലീം സമുദായത്തിൽ നിന്നുള്ളവരും അബ്ദുള്ളയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് അബ്ദുള്ള പോസ്റ്റ് മുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: