മട്ടാഞ്ചേരി: ദീര്‍ഘനാളത്തെ ഇടവേളയ്‌ക്ക് ശേഷം കരുത്താര്‍ജിച്ച് കേരോല്പന്ന വിപണി. ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം വെളിച്ചെണ്ണ വില തുടര്‍ച്ചയായി റിക്കാര്‍ഡ് കുറിക്കുകയാണ്. തേങ്ങ, കരിക്ക്, കൊപ്ര, പിണ്ണാക്ക് വിപണികളും ആവേശത്തിലാണ്. നാളികേര ഉല്പാദത്തിലുണ്ടായ കുറവും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുമാണ് കേര വിപണിക്ക് ശക്തി പകരുന്നത്.
കേരളത്തില്‍ നാളികേര വിളവെടുപ്പ് കാലമാണ്. എന്നിട്ടും വിലയുടെ കുതിപ്പ് കേര കാര്‍ഷിക മേഖലയ്‌ക്ക് ആവേശം പകരുകയാണ്. തമിഴ്‌നാട്ടിലെ കങ്കയം, ആന്ധ്രാപ്രദേശ്, കര്‍ണാടക വിപണികളും സജീവമായത് മില്ലിങ്ങ്, വ്യാപാര- വ്യവസായ മേഖലകളിലും ഉണര്‍വേകിയിട്ടുണ്ട്. വില കുതിപ്പിനിടയില്‍ മായം ചേര്‍ക്കല്‍ വ്യാപകമാകുന്നത് ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും ഉപഭോക്തൃ മേഖലയിലും ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വെളിച്ചെണ്ണ ഇറക്കുമതി നിരോധനവും ഭക്ഷ്യ എണ്ണ ഇറക്കുമതിയിലെ ചുങ്കം വര്‍ദ്ധനവും കേരോല്പന്ന വിപണിക്ക് കരുത്തേകാനിടയാക്കിയതായി വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വെളിച്ചെണ്ണ തയാര്‍ മൊത്ത വില കിലോയ്‌ക്ക് 250 രൂപ നിരക്കിലും മില്ലിങ് 255 രൂപയുമാണ്. 2014 ഡിസംബര്‍ 29ന് മില്ലിങ് വെളിച്ചെണ്ണ കിലോയ്‌ക്ക് 204 രൂപ നിരക്കാണ് മുന്‍കാല റിക്കാര്‍ഡ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലിത് 145 രൂപയായിരുന്നു. കൊപ്ര വില കിലോയ്‌ക്ക് 165 രൂപയായി വര്‍ദ്ധിച്ചു. പച്ച തേങ്ങ വില കിലോയ്‌ക്ക് 30-35 രൂപയില്‍ നിന്ന് 80 രൂപയായി വര്‍ദ്ധിച്ചു. ഇളനീര്‍ (കരിക്ക്) വില 40 രൂപയില്‍ നിന്ന് 60 രൂപയായി വര്‍ദ്ധിച്ചു. കൊച്ചി വിപണിയെ മറികടന്ന് തമിഴ്‌നാട്ടിലെ കങ്കയമാണ് വെളിച്ചെണ്ണ വിപണി കൈയടക്കിയിരിക്കുന്നത്. തവിട് എണ്ണ, സൂര്യകാന്തി, റിഫൈന്റ് ഓയില്‍ എന്നിവയാണ് വെളിച്ചെണ്ണയില്‍ മായമായി ചേര്‍ക്കുന്നത്. കിലോയ്‌ക്ക് 200-210 രൂപ വരെ വിലയുള്ള എണ്ണയാണ് ഇത്തരത്തില്‍ മായമായി ചേര്‍ക്കുന്നത്. ഇതിനെതിരായ നടപടികളും ശക്തമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 65 വ്യാജ ബ്രാന്റുകളാണ് വിപണിയില്‍ നിന്ന് വിലക്കിയത്. 2015 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വെളിച്ചെണ്ണ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. കൊച്ചി തുറമുഖം വഴി പാം ഓയില്‍ ഇറക്കുമതിക്കും വിലക്കുമുണ്ട്. കേരോല്പന്ന വിപണിയുടെ മുന്നേറ്റം കേര കാര്‍ഷികമേഖലയില്‍ ഉണര്‍വേകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: