Football

യുവേഫ നേഷന്‍സ് ലീഗ് സെമി: ജര്‍മനി-പോര്‍ചുഗല്‍, സ്‌പെയിന്‍-ഫ്രാന്‍സ്

Published by

വലെന്‍സിയ: യുവേഫ നേഷന്‍സ് ലീഗ് സെമി ലൈനപ്പായി. ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ യഥാക്രമം ഒന്ന്, രണ്ട് സെമികളില്‍ ആദ്യത്തേതില്‍ ജര്‍മനി പോര്‍ച്ചുഗലിനേയും രണ്ടാമത്തേതില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെയും നേരിടും. ഒറ്റത്തവണ മത്സരമായാണ് സെമി നടക്കുക. ക്വാര്‍ട്ടര്‍ രണ്ട് പാദങ്ങളിലായായിരുന്നു.

ഇന്നലെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ സ്‌പെയിന്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. ജര്‍മനി ഇറ്റലിയെയും പോര്‍ച്ചുഗല്‍ ഡെന്‍മാര്‍ക്കിനെയും ഫ്രാന്‍സ് ക്രൊയേഷ്യയെയും തോല്‍പ്പിച്ചാണ് സെമിയിലേക്ക് മുന്നേറിയത്.

സ്വന്തം കോട്ടയില്‍ ഫ്രഞ്ച് തിരിച്ചുവരവ്

ദിവസങ്ങള്‍ക്ക് മുമ്പ് ക്രൊയേഷ്യയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സ് തോറ്റിരുന്നു. ഇന്നലെ രണ്ടാം പാദത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഫ്രാന്‍സ് സമനില പിടിച്ചു(ആകെ ഗോള്‍ 2-2). അധിക സമയ മത്സരവും ഷൂട്ടൗട്ടും സമനിലയില്‍ കലാശിച്ചതോടെ സഡന്‍ ഡെത്തിലൂടെ 5-4ന് ക്രൊയേഷ്യയെ തോല്‍പ്പിക്കുകയായിരുന്നു. നിശ്ചിത സമയ മത്സരത്തില്‍ ഫ്രാന്‍സിന് വേണ്ടി മിഖായേല്‍ ഒലീസെയും ഉസ്മാന്‍ ഡെംബേലയും ഗോളുകള്‍ നേടി.

സഡന്‍ ഡെത്തില്‍ സ്‌പെയിന്‍ ഓറഞ്ച് പടയെ തീര്‍ത്തു

സ്‌പെയിന്‍-നെതര്‍ലന്‍ഡ്‌സ് രണ്ടാംപാദ ക്വാര്‍ട്ടറും കടുത്ത പോരാട്ടമായാണ് അവസാനിച്ചത്. ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി. ആദ്യപാദത്തില്‍ 2-2നാണ് പിരിഞ്ഞത്. ആകെ ഗോള്‍ 5-5 സമനിലയിലായതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടില്‍ രണ്ട് ടീമുകളും നാല് വീതം ഗോളുകള്‍ നേടി തുല്ല്യത പാലിച്ചു. സഡന്‍ ഡെത്തില ആദ്യ അവസരത്തില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന്റെ ഡോനിയേലി മാലെന്‍ നഷ്ടപ്പെടുത്തി. സ്‌പെയിന്റെ പെഡ്രി സ്‌കോര്‍ ചെയ്തു, വിജയിപ്പിച്ചു.

വീരോചിതമായി തിരിച്ചടിച്ച് പോര്‍ച്ചുഗല്‍

രണ്ടാം പാദ മത്സരങ്ങളില്‍ ഏറ്റവും ഗംഭീര വിജയം പോര്‍ച്ചുഗലിന്റേതായിരുന്നു. ആദ്യപാദത്തില്‍ 1-0ന് പിന്നിലായിപോയ പോര്‍ച്ചുഗല്‍ ഇന്നലെ ഡാനിഷ് പടയെ മുട്ടുകുത്തിച്ചത് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടിക്കൊണ്ടാണ്. ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ജോക്കിം ആന്‍ഡേഴ്‌സണ്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗോന്‍സാലോ റാമോസ് എന്നിവര്‍ ഗോളുകള്‍ നേടി. ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ക്രിസ്റ്റെന്‍സന്‍, ക്രിസ്റ്റിയാന്‍ എറിക്‌സണ്‍ എന്നിവരും ഗോളുകള്‍ നേടി.

ആദ്യപാദ മുന്നേറ്റം ജര്‍മനിയെ തുണച്ചു

സ്വന്തം നാട്ടില്‍ നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ ജര്‍മനി ഇറ്റലിയോട് സമനില വഴങ്ങി. ആദ്യപകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ നേടി ജര്‍മനി കരുത്ത് കാട്ടി. രണ്ടാം പകുതിയില്‍ ഇറ്റലി അതേ നാണയത്തില്‍ തിരിച്ചടിച്ചു. പക്ഷെ ആദ്യ പാദത്തില്‍ ഇറ്റലിയെ അവരുടെ നാട്ടില്‍ 2-1ന് കീഴ്‌പ്പെടുത്തിയതിന്റെ ബലത്തില്‍ ജര്‍മനി ആകെ ഗോള്‍ നേട്ടം 5-4ന് സെമിയിലെത്തി.

ഇന്നലത്തെ മത്സരത്തില്‍ ജര്‍മനിക്കായ് ജോഷ്യ കിമ്മിച്ച്, ജമാല്‍ മുസിയാല ടിം ക്ലെയിന്‍ഡിയെന്‍സ്റ്റ് എന്നിവര്‍ ഗോളുകള്‍ നേടി. ഇതിനെതിരെ ഇറ്റലിയുടെ മോയിസ് കീന്‍ ഇരട്ടഗോളും ഗിയാകോമോ റാസ്പഡോറി ഇന്‍ജുറി ടൈമിലും ഗോള്‍ നേടി ഒപ്പമെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക