കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പുകള്‍ ഏകപക്ഷീയമായി നിര്‍ത്തലാക്കുന്നത് ശരിയല്ലെന്ന് അഖില കേരള തന്ത്രി സമാജം. കര്‍ശന നിയന്ത്രണങ്ങളോടെ എഴുന്നള്ളിപ്പുകള്‍ നടത്തണം. എഴുന്നള്ളിപ്പുകളും ആഘോഷങ്ങളും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ നടത്തണമെന്നും ആനപ്പാപ്പാന്മാര്ക്ക് യോഗ്യത ഉറപ്പാക്കണമെന്നും തന്ത്രിസമാജം ആവശ്യപ്പെട്ടു.
പൗരാണിക കാലഘട്ടം മുതല്‍ കേരളത്തിലെ ഉത്സവാഘോഷങ്ങളില്‍ ആനയെഴുന്നള്ളിപ്പുണ്ട്. ഏതെങ്കിലും പൊതുചര്‍ച്ചകളുടെ ഭാഗമായി അവസാനിപ്പിക്കേണ്ടതല്ല അത്. ആനയെഴുന്നള്ളിപ്പുകള്‍ കുറ്റമറ്റതാക്കി അപകടരഹിതമാക്കുകയാണ് വേണ്ടതെന്നും തന്ത്രിസമാജം പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തകാലത്ത് ആരംഭിച്ച ചില ആനയെഴുന്നള്ളിപ്പുകള്‍, അവയുടെ ആഘോഷപരവും ആചാരപരവും ക്ഷേത്ര ബന്ധിതവുമായ ആവശ്യകത പരിശോധിച്ച് തുടരേണ്ടവ മാത്രം തുടരണം. അല്ലാത്തവ നിര്‍ത്തലാക്കണം. ആചാരപരമായ കാരണങ്ങളാല്‍ ആരംഭിക്കുന്ന പുതിയ എഴുന്നള്ളിപ്പുകള്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം കര്‍ശന വ്യവസ്ഥതകളോടെ ഉചിത ഇടത്തുമാത്രം നടത്തണം. പാപ്പാന്മാര്ക്ക് പരിശീലനം കൃത്യമായി നടത്തണം, ആനകള്‍ക്ക് മതിയായ വിശ്രമവും ആഹാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ മുളച്ചുപൊന്തുന്ന പൂരങ്ങളും ഗജമേളകളും വിട്ടുവീഴ്ചയില്ലാതെ നിയന്ത്രിക്കണമെന്നും തന്ത്രസമാജം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: