പദ്മരാജന്റെ സിനിമകളിലെ കഥാപാത്രങ്ങളെയും മറ്റും തീരുമാനിക്കുന്നതിൽ നിർണായകമായ അഭിപ്രായങ്ങളിലൊന്ന് ഭാര്യ രാധാലക്ഷ്മിയുടേതായിരുന്നു. ഞാൻ ഗന്ധർവനിലെ നായികയായി മോനിഷയെ ആയിരുന്നു പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി ശുപാർശ ചെയ്തത്. എന്നാൽ മോനിഷ നായകൻ നിതീഷ് ഭരദ്വാജിന്റെ തടിക്കും ഉയരത്തിനും ചേരില്ല എന്ന് മനസ്സിലായിട്ടാണ് വൈശാലിയിലെ നായികയായിരുന്ന സുപർണയെ തന്നെ പദ്മരാജൻ തിരഞ്ഞെടുത്തത്.
എന്നാൽ സുപർണയെക്കൊണ്ട് പദ്മരാജൻ പൊറുതിമുട്ടി. ഒരൊറ്റ ഷെഡ്യൂളിൽ മുപ്പത് ദിവസം കൊണ്ട് പദ്മരാജൻ ഷൂട്ടിംഗ് തീർക്കുന്നതാണ്. എന്നാൽ ഞാൻ ഗന്ധർവൻ തീർക്കാൻ 45 ദിവസങ്ങൾ വേണ്ടി വന്നു. ഈ താമസത്തിന് പ്രധാന കാരണം സുപർണയായിരുന്നു. സംഭാഷണം പഠിക്കാനോ കഥ മനസ്സിലാക്കാനോ ശ്രമിക്കാതെ ഒഴിവുവേളകളിൽ ചീട്ടുകളിച്ച് ആനന്ദകരമാക്കാനായിരുന്നു സുപർണ സമയം കണ്ടെത്തിയിരുന്നത്.
ഇതരഭാഷക്കാരനായിരുന്നിട്ടും നിതീഷിന്റെ ഭാഗങ്ങൾ രണ്ടോ മൂന്നോ ടേക്കുകൾ കൊണ്ട് കഴിയുമായിരുന്നു. എന്നാൽ സുപർണയുടേത് ഓകെ ആകാൻ പതിനഞ്ചും പതിനെട്ടും ടേക്കുകൾ വേണ്ടിവന്നു. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട പദ്മരാജൻ നടിക്ക് തിരിച്ച് പോകാൻ ടിക്കറ്റെടുത്ത് കൊടുക്കാൻ ആവശ്യപ്പെട്ട് ഷൂട്ടിംഗ് നിർത്തി ഹോട്ടലിലേക്ക് മടങ്ങി. ആ റോളിനു ചേരുന്ന വേറൊരു പെൺകുട്ടിയെ അന്വേഷിക്കാനും നിർദ്ദേശിച്ചതോടെ ആകെ പ്രശ്നമായി. ഒടുവിൽ സുപർണ കരഞ്ഞ് കാലുപിടിച്ചിട്ടാണ് വീണ്ടും അഭിനയിക്കാൻ പദ്മരാജൻ സമ്മതിച്ചത്.
ചെയ്യുന്ന ജോലിയോട് അങ്ങേയറ്റത്തെ ആത്മാർത്ഥത വേണം. പണമല്ല പ്രധാനം. ഒരു കലാകാരന് ജീവിതത്തിൽ പലതും ത്യജിക്കേണ്ടിവരും. എല്ലാ സുഖങ്ങളും കിട്ടുന്ന ജീവിതമൊന്നും നടക്കണമെന്നില്ല .. ഇതായിരുന്നു പദ്മരാജൻ ഇതിനെക്കുറിച്ച് പറഞ്ഞത്. ഈ പറഞ്ഞത് ഒരു സിനിമ വാരികയിൽ അച്ചടിച്ച് വന്നതോടെ കോലാഹലമായി. പലതും ത്യജിക്കണമെന്ന് പറഞ്ഞതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകപ്പെട്ടു.
അങ്ങനെ പലതും ത്യജിച്ചിട്ട് അഭിനയിക്കാൻ തന്നെ കിട്ടില്ലെന്ന് ഉർവ്വശിയും മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം തുള്ളാൻ താനില്ലെന്ന് പാർവ്വതിയും പറഞ്ഞതോടെ സിനിമ മേഖലയിൽ ചർച്ചകൾ കൊഴുത്തു. പദ്മരാജനെ ഇത് ഏറെ വേദനിപ്പിക്കുകയും ചെയ്തു. പിന്നീടൊരിക്കലും സിനിമ വാരികകളിൽ പദ്മരാജൻ അത്തരം അഭിമുഖങ്ങൾ നൽകിയില്ല.
പദ്മരാജന്റെ മരണശേഷം താൻ ചെയ്ത അവിവേകത്തിന് അദ്ദേഹത്തിന്റെ ആത്മാവിനോട് ഉർവ്വശി പലവട്ടം മാപ്പു ചോദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി “പദ്മരാജൻ എന്റെ ഗന്ധർവൻ“ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
എന്തായാലും ഒരുപാട് അപശകുനങ്ങൾ നിറഞ്ഞ ചിത്രീകരണമായിരുന്നു ഞാൻ ഗന്ധർവന്റേത്. ആ സിനിമയോടെ പദ്മരാജന്റെ ജീവിതവും അകാലത്തിൽ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: