ന്യൂദല്‍ഹി: കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനം ആവര്‍ത്തിച്ച് സുപ്രീംകോടതി കൊളീജിയം. മാര്‍ച്ച് 20ന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ജസ്റ്റിസ് വര്‍മ്മയുടെ പേരന്റ് ഹൈക്കോടതിയായ അലഹബാദിലേക്ക് തന്നെ അദ്ദേഹത്തെ തിരിച്ചയക്കുന്നതായും ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന ഉള്‍പ്പെട്ട കൊളീജിയം ഇന്നത്തെ യോഗശേഷം വ്യക്തമാക്കി. കൊളിജിയത്തിന്റെ തീരുമാനം കേന്ദ്ര നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് വര്‍മ്മയെ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ ന്യായാധിപ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ മൂന്നംഗ ന്യായാധിപ സംഘം അന്വേഷണവും തുടരുന്നുണ്ട്. ഇതിനിടെ ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് തിരിച്ചയക്കുന്നതില്‍ അലഹബാദില്‍ പ്രതിഷേധം തുടരുകയാണ്. അലഹബാദ് ഹൈക്കോടതി കുപ്പത്തൊട്ടിയല്ലെന്നും സുപ്രീംകോടതി കൊളീജിയം തീരുമാനം പുനപരിശോധിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: