ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അനധികൃത മദ്രസകൾക്കെതിരെയുള്ള നടപടികൾ തുടർക്കഥയാകുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് സഹസ്പൂരിലെ ജാമി ഉൽ ഉലൂം എന്ന മദ്രസയുടെ സർക്കാർ ഭൂമി കൈയ്യേറ്റത്തെ ധാമി ഭരണകൂടം ഒഴിപ്പിച്ചിരുന്നു. ഈ മദ്രസയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിലായിരുന്നു. ഇത് കൂടാതെ ടാങ്കിന് മുകളിൽ ഉച്ചഭാഷിണികളും സ്ഥാപിച്ചിരുന്നു. പിന്നീട് ഭരണകൂടം അവ നീക്കം ചെയ്തു.
എന്നാൽ ഇപ്പോള്‍ ഈ മദ്രസയിൽ വീണ്ടും അനധികൃത നിര്‍മ്മാണം നടക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ധാമി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുകയും അനധികൃത നിർമ്മാണം നടക്കുന്ന ഭാഗം പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. വികാസ്നഗര്‍ എസ്ഡിഎം വിനോദ് കുമാര്‍ നേരത്തെ മദ്രസ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇന്നാണ് മദ്രസയുടെ അനധികൃത നിർമ്മാണം സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂട്ടി സീൽ ചെയ്തത്. സഹസ്പൂരിലെ ഈ മദ്രസ ഡെറാഡൂൺ ജില്ലയിലെ ഏറ്റവും വലിയ മദ്രസയായിട്ടാണ് അറിയപ്പെടുന്നത്. 2009 ന് ശേഷം ഡിഎമ്മിന്റെ അനുമതിയില്ലാതെ ഒരു മതസ്ഥലവും നിർമ്മിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
ജില്ലാ ഭരണകൂടത്തിന്റെ ഈ കർശന നടപടി മുസ്ലീം സംഘടനകൾക്കിടയിലും രോഷത്തിന് കാരണമായിട്ടുണ്ട്. അതേസമയം നിയമവിരുദ്ധമായവയ്‌ക്കെതിരായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: