കേരളത്തില്‍ ആദ്യമായി ലോക്സഭയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉറപ്പാക്കിയെന്ന നേട്ടവുമായാണ് കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുശതമാനം ഇരുപതിലെത്തിച്ച അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. ഒപ്പം 10 മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തുകയും ചെയ്തിരുന്നു. 2009 മുതൽ പതിനൊന്ന് വർഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970 മാർച്ച് 10 ഇൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്.
എബിവിപിയിലൂടെയും യുവമോര്‍ച്ചയിലൂടെയും നിരവധി സമരങ്ങളിലൂടെ ഉയർന്നുവന്ന സമര നേതാവ്. ശബരിമല യുവതീപ്രവേശന പ്രശ്നം വന്നപ്പോള്‍ ആചാരസംരക്ഷണ സമരങ്ങളുടെ മുൻനിര പോരാളി. ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ ഇരുമുടിക്കെട്ടുമായി അറസ്റ്റുചെയ്ത് ആഴ്ചകളോളം ജയിലില്‍ അടച്ചു.സംഘടന ഒന്നാകെ ഉടച്ചു വാർത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റത്തിന്റെ ക്രെഡിറ്റ് കെ സുരേന്ദ്രന് കൂടി അവകാശപ്പെട്ടതാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്കെതിരെ വയനാട് മല്‍സരിച്ച് തോറ്റെങ്കിലും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ വോട്ട് ശതമാനം കൂട്ടി. തൃശ്ശൂരിലൂടെ ലോക്സഭയില്‍ അക്കൗണ്ട് തുറക്കാനായതും വോട്ട് ശതമാനം 20 ൽ എത്തിക്കാനായതും പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനമായി വിലയിരുത്തപ്പെട്ടു.മലപ്പുറം ഒഴികെ ലോക്സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിവോട്ട് ലക്ഷത്തിന് മുകളിലെത്തി.
2020 ഫെബ്രുവരി 15ന് ബിജെപിയുടെ കേരള സംസ്ഥാന പ്രസിഡൻ്റായി കെ. സുരേന്ദ്രൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നിയമിച്ചു. സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന പി.എസ്. ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയതിനെ തുടർന്നാണ് സുരേന്ദ്രൻ നേതൃത്വത്തിലേയ്‌ക്ക് ഉയർന്നത്. 2020 ജൂലൈ 5 ന് കേരള ത്തിലെ പിണറായി വിജയൻ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വർണകടത്ത് കേസിൽ സമരപരിപാടികൾ നടത്തുന്നതിൽ സജീവമായിരുന്നു.
ഭാരതീയ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ നടത്തിയ സമരങ്ങൾ വഴി 2003 മുതൽ കേരള രാഷ്‌ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു.
2020 – ബിജെപി സംസ്ഥാന പ്രസിഡൻ്റ്
2009-2020 – ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
2003-2009 – ഭാരതീയ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ
1999-2003 – ഭാരതീയ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി
1995-1998 – ഭാരതീയ യുവമോർച്ച സംസ്ഥാന സെക്രട്ടറി
1992-1995 – ഭാരതീയ യുവമോർച്ച വയനാട് ജില്ല പ്രസിഡന്റ്
1991 – അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് പാലക്കാട് നഗർ ഓർഗനൈസിങ്ങ് സെക്രട്ടറി
1988 – യൂണിറ്റ് സെക്രട്ടറി എബിവിപി ഗുരുവായൂരപ്പൻ കോളേജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: