ഭാഷ ജനങ്ങളെ വിഭജിക്കാനല്ല, ഒരുമിപ്പിക്കാനുള്ളതാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ അഖില ഭാരതീയ പ്രതിനിധിസഭയുടെ ഭാഗമായ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഭാഷകളെല്ലാം തുല്യമാണെന്നും, ഭാഷയുമായി ബന്ധപ്പെട്ട ഒരു വിഷയവും ആളുകളെ വിഭജിക്കുന്നതാകരുതെന്നും അരുണ്‍കുമാര്‍ പറയുകയുണ്ടായി. നമ്മള് ഒരു ജനതയാണ്, ഒരു രാജ്യമാണ്. ഭക്ഷണം, പ്രദേശം, ഭാഷ എന്നിവ വിഭജിക്കാനുള്ള ഉപകരണങ്ങളാവരുത് എന്നും സംഘത്തിന്റെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കുകയുണ്ടായി. ദേശീയ പ്രശ്നങ്ങളില്‍ സുതാര്യവും വിശാലവും ഭാവാത്മകവുമായ വീക്ഷണങ്ങളും നിലപാടുകളുമുള്ള ആര്‍എസ്എസിന്റെ ഭാഷകളെക്കുറിച്ചുള്ള നിലപാടും ഇപ്പോള്‍ ഏറ്റവും പ്രസക്തമാണ്. പ്രാദേശിക ഭാഷകള്‍ എന്നൊന്നില്ല, ഭാരതീയ ഭാഷകളാണുള്ളത് എന്ന ആര്‍എസ്എസിന്റെ നിലപാടിലേക്ക് പലരും ഇനിയും എത്തേണ്ടതുണ്ട്. ഭാഷയെ സംബന്ധിക്കുന്ന യാഥാര്‍ത്ഥ്യബോധമുള്ള ഇത്തരമൊരു നിലപാട് പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് എടുക്കാത്തതിന്റെ ഫലമായി ചില സംസ്ഥാനങ്ങള്‍, മുഖ്യമായും തമിഴ്നാട്ടില്‍ തികച്ചും അനാരോഗ്യകരവും അനൈക്യം വളര്‍ത്തുന്നതുമായ വേറിടല്‍ മനോഭാവം ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള നടപടികളാണ് ഉണ്ടാവുന്നത്. ഡിഎംകെ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഹിന്ദിയിലുള്ള രൂപയുടെ ചിഹ്നം തമിഴിലേക്ക് മാറ്റിയത് അത്യന്തം പ്രകോപനപരവുമാണ്.
വളരെ ഉദാരമായ സമീപനമാണ് നരേന്ദ്ര മോദി പുതിയ വിദ്യാഭ്യാസ നയത്തില്‍ ഭാഷകളോട് സ്വീകരിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു ഭാഷയെ അവഗണിക്കുകയോ, മറ്റേതെങ്കിലും ഭാഷ അടിച്ചേല്പ്പിക്കുകയോ ചെയ്യുന്ന രീതി അതിലില്ല. എന്നിട്ടും തമിഴ് ഭാഷയെ അവഗണിച്ച് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പറഞ്ഞ് ബോധപൂര്‍വം ഒരു വിവാദം കുത്തിപ്പൊക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ചെയ്യുന്നത്. ത്രിഭാഷാ പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാതൃഭാഷയ്ക്കു പുറമെ മറ്റൊരു ഭാഷകൂടി പഠിക്കണമെന്നതാണ് ഇതിലെ നിര്‍ദ്ദേശം. ഇക്കാര്യം മറച്ചുപിടിച്ച് ഹിന്ദിക്കെതിരെ ശത്രുത വളര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിക്കുന്നുണ്ട്. ഹിന്ദിക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളാണ് ഈ സ്കൂളുകളില്‍ പലതിന്റെയും ഉടമസ്ഥര്‍ എന്നതാണ് വിരോധാഭാസം. സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിന്ദി പഠിക്കാന്‍ അനുവദിക്കാതെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇക്കൂട്ടര്‍ നശിപ്പിക്കുന്നത്. പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാതെ അതിനു കീഴിലുള്ള ആനുകൂല്യം ലഭിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലുള്ളവര് വാശിപിടിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ മര്യാദകേടാണ്. സായിപ്പിന്റെ ഭാഷയോട് അടിമത്ത മനോഭാവം പുലര്‍ത്തുന്നവര്‍ ദേശീയ ഭാഷയായ സംസ്കൃതത്തോടും ഹിന്ദിയോടും അസ്പൃശ്യത പുലര്‍ത്തുന്നത് അപമാനകരമാണ്.
ആദര്‍ശത്തിന്റെ അഹല്യേടത്തി
ഒരിക്കല്‍പോലും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവാതെ അഞ്ചു പതിറ്റാണ്ട് കാലം പൊതുപ്രവര്‍ത്തനം നടത്തുക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു വരെ മത്സരിക്കുക. ഒരുതവണ പോലും ജയിക്കാതിരുന്നിട്ടും നിരാശയുടെ കണിക പോലുമില്ലാതെ താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി കൂടുതല്‍ ആത്മാര്‍ത്ഥതയോടെയും ആവേശത്തോടെയും പ്രവര്‍ത്തിക്കുക. അത്യപൂര്‍വ്വമായിരിക്കും ഇങ്ങനെയൊരാള്‍. കഴിഞ്ഞ ദിവസം കോഴിക്കോട് അന്തരിച്ച, ബിജെപിയുടെയും പൂര്‍വരൂപമായ ജനസംഘത്തിന്റെയും രാജ്യത്തെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളായിരുന്ന അഹല്യ ശങ്കര്‍ എക്കാലവും പ്രതിബദ്ധതയുടെ ജീവിക്കുന്ന പ്രതീകമായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് നടന്ന കാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ ഈ വനിതാരത്നം പില്ക്കാലത്ത് ബിജെപിയുടെ നേതാവ് എന്ന നിലയ്ക്ക് സമരമുഖങ്ങളില്‍ ജ്വലിച്ചുനിന്നു. ബിജെപിക്ക് അധികാരം ലഭിക്കാനുള്ള വിദൂര സാധ്യതപോലും ഇല്ലാതിരുന്നപ്പോഴും പാര്‍ട്ടി കെട്ടിപ്പടുക്കാനും പൊതു പ്രവര്‍ത്തനം നടത്താനും, ഇതുരണ്ടും ജീവിതത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞ മഹതിയാണ് എല്ലാവരുടെയും അഹല്യേടത്തി. ജനസംഘത്തിന്റെയും ബിജെപിയുടെയും പല തലമുറകളില്‍പ്പെട്ട ദേശീയ-സംസ്ഥാന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അവര്‍, പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി വരെ എത്തി. കേരളത്തില്‍ ഭരണവര്‍ഗ്ഗ പാര്‍ട്ടി അല്ലാത്ത ബിജെപിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കു പിന്നില്‍ അഹല്യ ശങ്കറിനെ പോലുള്ളവരുടെ ത്യാഗ നിര്‍ഭരമായ ജീവിതമുണ്ട്. ജന്മഭൂമിയുടെ എക്കാലത്തെയും ബന്ധുവായ ആ ധന്യജീവിതത്തിന് ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: