തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും എഞ്ചിനീയറിങ് കോളജുകള്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലാണെന്നും വിഎസ്എസ്സി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എ. കെ. അഷറഫ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന വെല്ലുവിളികളിലൊന്ന് മതിയായ അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും അഭാവമാണ്. അപര്യാപ്തമായ ഫണ്ടിങ് മൂലം പല സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സംസ്കൃതി ഭവനില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഉന്നതവിദ്യാഭ്യാസത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത്. മറ്റൊരു വെല്ലുവിളി ബിരുദധാരികളുടെ കുറഞ്ഞ തൊഴില്‍ സാധ്യതയാണ്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കുന്നു.
യുവതലമുറ സ്നേഹവും ബഹുമാനവുമെല്ലാം മറന്നിരിക്കുന്നു. കമ്പ്യൂട്ടര്‍ യുഗത്തിലാണ് അവര്‍ ജീവിക്കുന്നത്. സനാതനധര്മങ്ങളെക്കുറിച്ച് യുവതലമുറയ്ക്ക് കേട്ടുകേള്‍വി പോലുമില്ല. ഇതിനെക്കുറിച്ചെല്ലാം ഇവര്‍ അജ്ഞരാണ്. അവര്‍ക്ക് ആശയങ്ങള്‍ കൈമോശം വന്നതാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും ലഹരിയുടെ അമിതമായ ആസക്തിയിലേക്കും നീങ്ങാന്‍ കാരണമായത്, അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് മുഖ്യപ്രഭാഷണം നടത്തി.
ഭാരതം ലോക സമ്പദ്വ്യവസ്ഥയിലെ നിര്‍ണായക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടിഷുകാരുടെ പകല്‍ക്കൊള്ള കാരണം സ്വാതന്ത്ര്യം നേടുന്ന സമയത്ത് അതിദരിദ്ര രാജ്യമായിരുന്ന ഭാരതം ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത് എത്തിയെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി നഷ്ടപ്പെട്ടുപോയ ദേശീയതയിലേക്കുള്ള തിരിച്ചുവരവാണ് ഭാരതത്തില്‍ നടക്കുന്നത്. ശാസ്ത്രസാങ്കേതിക വളര്‍ച്ചയില്‍ രാജ്യം ഇന്ന് വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്.
അനവധി കാലത്തെ വിദേശാക്രമണത്തിലും മുഗള്ഭരണത്തിലും ബ്രിട്ടീഷ് കോളനിവത്കരണത്തിലും നഷ്ടപ്പെട്ട സംസ്കാരത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സഞ്ജയന് പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ. വിജയകുമാരന്‍നായര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്. ശശീന്ദ്രന്, ജില്ല കാര്യാധ്യക്ഷ ഡോ. വി.ടി. ലക്ഷ്മി വിജയന്, ജില്ലാ ഉപാധ്യക്ഷന്‍ എസ്. പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: