India

മഹാറാണി അബ്ബക്കയുടെ 500-ാമത് ജയന്തി വര്‍ഷം: അബ്ബക്കയുടേത് രാഷ്‌ട്രത്തിന് സമര്‍പ്പിച്ച ജീവിതം: ആര്‍എസ്എസ്

Published by

ബെംഗളൂരു: ധീരയായ സ്വാതന്ത്ര്യ സമര സേനാനി ഉള്ളാല്‍ മഹാറാണി അബ്ബക്ക മികച്ച ഭരണാധികാരിയും അജയ്യയായ രാജ്യതന്ത്രജ്ഞയുമായിരുന്നുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ പ്രസ്താവന. മഹാറാണിയുടെ അഞ്ഞൂറാമത് ജയന്തി വര്‍ഷം പ്രമാണിച്ചാണ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രസ്താവന നടത്തിയത്.
പ്രസ്താവന ഇങ്ങനെ:

തീരദേശമേഖലയായ ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാല്‍ പ്രവിശ്യയിലെ മഹാറാണിയായിരുന്ന അബ്ബക്കയുടെ 500-ാം ജന്മവാര്‍ഷികത്തില്‍ ആര്‍എസ്എസ് അജയ്യമായ പാരമ്പര്യത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും അജയ്യമായ സൈനിക ശക്തികളില്‍ ഒന്നായി കണക്കാക്കിയിരുന്ന പോര്‍ച്ചുഗീസ് ആക്രമണകാരികളെ അബ്ബക്ക ആവര്‍ത്തിച്ച് പരാജയപ്പെടുത്തി, അതുവഴി രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ചു. കേരളത്തിലെ സാമൂതിരി രാജാവുമായുള്ള നയതന്ത്ര ബന്ധവും തന്ത്രപരമായ സഖ്യങ്ങളും ഈ മുന്നേറ്റത്തിന് അബ്ബക്കയെ പ്രാപ്തയാക്കി. ധീരവും നിര്‍ഭയവുമായ നേതൃത്വശേഷി ചരിത്രത്താളുകളില്‍ അബ്ബക്കയ്‌ക്ക് ‘അഭയറാണി’ എന്ന വിശേഷണം നേടിക്കൊടുത്തു.

നിരവധി ശിവക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന് പ്രേരണയായി മാറിയ മഹാറാണി അബ്ബക്ക എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ഭാരതീയ പാരമ്പര്യത്തെ മാതൃകയാക്കി. തന്റെ ഭരണകാലത്ത്, എല്ലാ മതവിഭാഗങ്ങളെയും തുല്യ ബഹുമാനത്തോടെ പരിഗണിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സമഗ്രമായ വികസനം വളര്‍ത്തിയെടുത്തു. യക്ഷഗാനം, നാടന്‍ പാട്ടുകള്‍, പരമ്പരാഗത നൃത്തങ്ങള്‍ എന്നിവയിലൂടെ അബ്ബക്കയുടെ പ്രചോദനാത്മകമായ കഥകള്‍ സജീവമായി നിലനിര്‍ത്തുന്ന കര്‍ണാടകയില്‍ സര്‍വാദരവിന്റെയും ഐക്യത്തിന്റെയും ഈ പാരമ്പര്യം ഇന്നും പ്രതിധ്വനിക്കുന്നു.

മഹാറാണിയുടെ അതുല്യമായ ധീരത, രാഷ്‌ട്രത്തോടും ധര്‍മത്തോടുമുള്ള സമര്‍പ്പണം, ഭരണ നിപുണത എന്നിവ മാനിച്ച്, 2003ല്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഭാരത സര്‍ക്കാര്‍ അബ്ബക്കയുടെ സ്മരണയെ ആദരിച്ചു. നാവികപ്പടയെ നയിച്ച ധീര സ്മൃതിയില്‍ 2009ല്‍ ഒരു പട്രോളിങ് കപ്പലിന് അബ്ബക്കയുടെ പേരു നല്കി.

മഹാറാണി അബ്ബക്കയുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും ആഴമേറിയ പ്രചോദനമാണ്. മഹാറാണിയുടെ 500-ാം ജന്മവാര്‍ഷികത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം ആ മാതൃകാ വ്യക്തിത്വത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും മഹത്തായ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാഷ്‌ട്രനിര്‍മാണത്തിന്റെ തുടര്‍ച്ചയായ ദൗത്യത്തില്‍ സജീവമായി സംഭാവന നല്കാന്‍ മുഴുവന്‍ സമൂഹത്തോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by