കൊല്ലൂര്‍: മൂകാംബിക ദേവിയെ മഹാരഥത്തില്‍ വലിച്ച് എഴുന്നള്ളിച്ച് ജന്മസാഫല്യം തേടി ഭക്തര്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി നടന്നത്. പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് എത്തിയത്. വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ പൂക്കള്‍ വിതറിയ വീഥിയിലൂടെ കിഴക്കെ ഗോപുരമുറ്റത്ത് നിന്ന് ദേവീ വിഗ്രഹം വഹിച്ചുള്ള ബ്രഹ്മരഥം വലിച്ച് ഗ്രാമീണ കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഭക്തസമൂഹം മുന്നോട്ടുനീങ്ങി. ഓലക്കമണ്ഡപത്തിന് സമീപത്ത് വരെ നീങ്ങിയ രഥം രാത്രി ഏഴോടെ തിരികെ കിഴക്കെ ഗോപുരത്തിന് മുന്നിലെത്തി. ദേവി അനുഗ്രഹിച്ച് നല്കിയ നാണയത്തുട്ടുകള്‍ പൂജാരിമാര്‍ വാരിവിതറി. രഥത്തില്‍ നിന്നിറക്കിയ ദേവീ വിഗ്രഹങ്ങള്‍ സരസ്വതി മണ്ഡപത്തിലെ പൂജയ്ക്ക് ശേഷം ശ്രീകോവിലിലേക്ക് മാറ്റി.
ഡോ. കെ. നിത്യാനന്ദ അഡിഗ രഥോത്സവത്തിന് കാര്‍മികത്വം വഹിച്ചു. തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ, അര്‍ച്ചകരായ കെ.എന്‍. ഗോവിന്ദ അഡിഗ, കെ.എന്‍. സുബ്രഹ്മണ്യ അഡിഗ, കെ.എസ്. വിഘ്നേശ്വര അഡിഗ, മൂര്‍ത്തി കാളിദാസ് ഭട്ട്, ശ്രീശ് ഭട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് രാത്രി ഏഴിന് സൗപര്‍ണികയില്‍ മൂകാംബികയുടെ ആറാട്ട് നടക്കും. രാത്രി ഓലക്കമണ്ഡപത്തില് വിശ്രമിച്ചശേഷം നാളെ രാവിലെ ദേവിയെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കും. അശ്വാരോഹണവും മഹാപൂര്ണാഹുതിയും നടക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: